തിരുവനന്തപുരം: തന്നെ സ്പീക്കറായി നിശ്ചയിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എ.എൻ ഷംസീർ. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്നും ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുകയാണെന്നും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. സ്പീക്കറായി ചുമതലയേറ്റെടുത്ത ചിത്രം സഹിതമായിരുന്നു കുറിപ്പ്.
ബ്രണ്ണൻ കോളേജിൽ നിന്നും ആരംഭിച്ച രാഷ്‌ട്രീയ ജീവിതം പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണെന്ന് ഷംസീർ പറയുന്നു. ഭരണപക്ഷത്തോടൊപ്പം നിയമനിർമ്മാണ സഭയിലെ പ്രധാന ഫോഴ്സ് എന്ന നിലയിൽ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവർ അർഹിക്കുന്ന അംഗീകാരം നൽകി് സഭയെ മുന്നോട്ട് നയിക്കുമെന്നും ഷംസീർ കുറിച്ചു.
വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്. സീനിയറായ ഭരണ – പ്രതിപക്ഷ സഹസാമാജികരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് പ്രവർത്തിക്കും. നിയമസഭയ്‌ക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വർഷത്തെ അനുഭവത്തിന്റെ വെളിച്ചവും ഇത്രയും നാളത്തെ രാഷ്‌ട്രീയ ജീവിതവും കൈമുതലാക്കി മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതൽ തിളക്കമാർന്നതാക്കുവാൻ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും ഷംസീർ ഉറപ്പുനൽകുന്നു.
സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനം ഏറ്റവും മികവുറ്റതാക്കി തീർക്കുവാൻ, മുഖ്യമന്ത്രിയിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും മുൻ സ്പീക്കർമാരായ ശ്രീരാമകൃഷ്ണനിൽ നിന്നും എം.ബി രാജേഷിൽ നിന്നും ഉൾപ്പെടെ ഉപദേശങ്ങൾ സ്വീകരിക്കുമെന്നും ഷംസീർ പറഞ്ഞു.
Comments