ന്യൂഡൽഹി : സോഷ്യൽമീഡിയ പ്ലാറ്റ്ഫോം എക്സിന്റെ ഉടമസ്ഥനായ ഇലാേൺ മസ്കിന് തുർക്കിയുടെ തിരിച്ചടി. മസ്കിന്റെ എക്സ്എഐ കമ്പനിയുടെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ഗ്രോക്കിനെ തുർക്കി കോടതി വിലക്കി. തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഗ്രോക്കിൽ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് നടപടി.
എക്സിൽ ചില ഉപയോക്താക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് തുർക്കി പ്രസിഡന്റിനെയും കുടുംബാംഗങ്ങളെയും കുറിച്ച് ഗ്രോക് അശ്ലീല പരാമർശം നടത്തിയത്. പിന്നാലെ വിമർശനങ്ങൾ ഉയർന്നെങ്കിലും വിഷയത്തിൽ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചാറ്റ് ജിപിടി ആരംഭിച്ചത് മുതൽ മസ്കിനും ഗ്രോകിനും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്‌ട്രീയ പക്ഷപാതം, വിദ്വേഷ പ്രസംഗം എന്നിവ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുർക്കി കോടതിയുടെ നടപടിക്ക് പിന്നാലെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.















