ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെതിരെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ലെന്ന പരാമർശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് മെഹബൂബ പറഞ്ഞു. ആർട്ടിക്കിൾ പുനഃസ്ഥാപിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 കൊണ്ട് വന്നാൽ കശ്മീരിലെ പ്രശ്‌നങ്ങൾ അവസാനിക്കും എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അവിടെ ഉണ്ട്. ആസാദിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അതിൽ തങ്ങൾ എന്ത് ചെയ്യാനാണ്. പാർട്ടി ഞങ്ങളുടെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു എന്നും അവർ വ്യക്തമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാജ വാഗ്ദാനം നൽകി ചില രാഷ്‌ട്രീയ പാർട്ടികൾ കശ്മീരി ജനതയെ വഞ്ചിക്കുകയാണ്. ഇത്തരത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു.
കൂടാതെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത് പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിൽ ഉണ്ടെങ്കിൽ മാത്രമേ ഏതൊരു രാഷ്‌ട്രീയ കക്ഷിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അതിന് ആത്മവിശ്വാസമുള്ളവർ എത്ര പേരുണ്ടെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസാദിനെതിരെ മെഹബൂബ മുഫ്തി രംഗത്തെത്തിയത്.
















Comments