തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങളും പേവിഷ ബാധയേറ്റുള്ള മരണങ്ങളും വ്യാപകമാകുമ്പോൾ, രാഷ്‌ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം പ്രായോഗിക തലത്തിൽ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു സമിതി നിലവിലുണ്ടെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് സിരി ജഗനാണ്.
തെരുവ് നായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കമ്മിറ്റിയെ കുറിച്ചും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയെ കുറിച്ചും ജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം എന്ന് ജസ്റ്റിസ് സിരി ജഗൻ ആവശ്യപ്പെടുന്നു. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണെന്ന് ജസ്റ്റിസ് സിരി ജഗൻ കുറ്റപ്പെടുത്തുന്നു. കമ്മിറ്റിയ്‌ക്ക് ദൈനംദിന ചെലവിന് പണം നൽകുന്നില്ല. സ്വന്തം പോക്കറ്റിലെ പണം എടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് സിരി ജഗൻ വ്യക്തമാക്കുന്നു. വർഷം ഒരു ലക്ഷം പേർക്ക് തെരുവ് നായ്‌ക്കളുടെ കടിയേറ്റിട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിറ്റിക്ക് കിട്ടിയത് 5,036 പരാതികൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നും തെരുവു നായ ആക്രമണങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചത്.
പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും സംസ്ഥാനത്ത് രോഗബാധയേറ്റ് മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയം കേന്ദ്ര സംഘത്തെ കേരളത്തിലേയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.
















Comments