ന്യൂഡൽഹി: ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ മാസം ഇരുപത്തിമൂന്നിന് കേരളത്തിലെത്തുമെന്നും ചുമതല ഏറ്റെടുത്തശേഷമുള്ള ആദ്യ പ്രതികരണത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു.
23 മുതൽ ഒരാഴ്‌ച്ച കേരളത്തിൽ സന്ദർശനം നടത്തും. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേരളം സന്ദർശിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും പാർട്ടിയുടെ വളർച്ച എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും കൂടുതൽ പ്രവർത്തകരെ പാർട്ടിയിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാരി എന്ന നിലയിൽ എല്ലാ മാസവും ഒരാഴ്‌ച്ച കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം വിവിധ സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരിമാരെ നിശ്ചയിച്ചത്. പ്രകാശ് ജാവദേക്കറെയും സഹപ്രഭാരിയായി രാധാ മോഹൻ അഗർവാൾ എം.പി യെയുമാണ് കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.
Comments