ദേശീയപാതയിലടക്കം ഗതാഗതക്കുരുക്ക്; റോഡിൽ കാത്തുകിടക്കേണ്ടിവരുന്നത് മണിക്കൂറുകൾ; ഭാരത് ജോഡോ യാത്രയിൽ പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

Published by
Janam Web Desk

തിരുവനന്തപുരം: രാഹുൽ നടത്തുന്ന ഭാരത് ജോഡോ യാത്രയിലെ നിയമ ലംഘനങ്ങൾ കണ്ടില്ലെന്നു നടിച്ച് സർക്കാർ. റോഡിന് ഒരുവശത്തു കൂടെ മാത്രമേ യാത്രകളും മാർച്ചുകളും നടത്താൻ പാടുള്ളൂവെന്ന കോടതി നിർദ്ദേശം നിലനിൽക്കുമ്പോൾ ആണ് ദേശീയപാതയകളിൽ അടക്കം ഗതാഗതക്കുരുക്കുണ്ടാക്കി രാഹുലിന്റെ യാത്ര തുടരുന്നത്.
ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിൽ തുടരുന്ന രാഹുലിന്റെ യാത്ര കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നഗരവാസികൾ.

രാവിലെ ഓഫീസുകളിലേക്കും മറ്റ് ജോലി സ്ഥലങ്ങളിലേക്കും പോകേണ്ടവർ രാഹുലിന്റെ യാത്രയെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം കാത്തു കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സാധാരണഗതിയിൽ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന നഗരങ്ങളിലെ റോഡുകൾ പൂർണ്ണമായും കൈയ്യടക്കിയാണ് കോൺഗ്രസിന്റെ യാത്ര. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഇത്തരം മാർച്ചുകളും യാത്രകളും നടത്തരുതെന്ന് കോടതി നിർദ്ദേശമുണ്ട് . എന്നാൽ ഇതിനൊക്കെ പുല്ലുവില കൽപ്പിച്ചാണ് രാഹുലിന്റെ യാത്ര തുടരുന്നത്.

രാഹുൽ തട്ടുകടകളിലും സാധാരണക്കാരന്റെ വീട്ടുകളിലും കയറി ഇരിക്കുന്നത് അപ്രതീക്ഷിതമാണ് എന്നു വരുത്തി തീർക്കണം എന്നതിനാൽ സുരക്ഷ നൽകുന്ന പോലീസിനോട് പോലും കോൺഗ്രസ് നേതാക്കൾ ഇത്തരം മുൻകൂട്ടിയുള്ള കാര്യങ്ങൾ പോലും പറയുന്നില്ല. ഇത് പോലീസ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതേസമയം രാഹുലിന്റെ ഇത്തരം അപ്രതീക്ഷിത സന്ദർശനങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. രാഹുലിന്റെ യാത്രയിൽ അണിനിരക്കുന്ന വാഹനങ്ങളിൽ മിക്കതും നമ്പർ പ്ലേറ്റ് ഇല്ലാത്ത വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. രൂപ മാറ്റം വരുത്തിയ വാഹനങ്ങളാണ് ജാഥയിൽ ഒപ്പമുള്ളത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.

Share
Leave a Comment