ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്താൻ. ഇത് ചൂണ്ടിക്കാട്ടി പാകിസ്താൻ അഫ്ഗാനിസ്താന് കത്ത് നൽകി. മസൂദ് അസ്ഹർ എവിടെയാണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും, വിവരം പാക് അധികാരികളെ അറിയിച്ചതിന് ശേഷം അറസ്റ്റ് ചെയ്യണമെന്നും അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.
പാകിസ്താന് മേൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് നീക്കം. പാക് വിദേശകാര്യമന്ത്രാലയമാണ് അഫ്ഗാനിസ്താന് കത്ത് കൈമാറിയത്. എന്നാൽ കത്തിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അടുത്ത സമയം വരെ പാകിസ്താനിൽ തുടർന്നിരുന്ന ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് മാറിയെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഭീകരരെ സംരക്ഷിച്ചാൽ വിദേശ വായ്പയടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടും. ഈ സാഹചര്യത്തിലാണ് പാകിസ്താൻ അഫ്ഗാന് കത്ത് കൈമാറിയത്.
നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്താൻ. ഇതിൽ നിന്ന് പുറത്ത് കടക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് നീക്കം. അഫ്ഗാനിലെ നംഗർഹർ മേഖലയിലോ കുനാർ പ്രവിശ്യയിലോ മസൂദ് അസ്ഹർ ഉണ്ടെന്നാണ് പാകിസ്താന്റെ വാദം.
Comments