തിരുവനന്തപുരം: വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ട് സംസ്ഥാനങ്ങളിൽ ആസൂത്രണ ബോർഡിന് പകരം നീതി ആയോഗ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള നീതി ആയോഗ് പദ്ധതി കേരളത്തിൽ കൊണ്ടുവരുന്നതിനെ എതിർത്ത് മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നു. നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്നാണ് തോമസ് ഐസക് പറയുന്നത്.
കൺകറന്റ് ലിസ്റ്റിൽ ആയതുകൊണ്ട് നിയമ നിർമ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. അതുകൊണ്ട് കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല. കേരളത്തിലെ ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ലെന്നും നീതി ആയോഗിന്റെ മാതൃകയിൽ ഒരു സമിതിക്കു രൂപം നൽകിയാലും കേരളത്തിന് എന്തെങ്കിലും പ്രത്യേക ധനസഹായം ലഭിക്കാനും പോകുന്നില്ല എന്നും തോമസ് ഐസക് പറയുന്നു.
നീതി ആയോഗ് കേന്ദ്ര സർക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണ്. നിയോലിബറൽ നയങ്ങൾ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോർപ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം. ഇത്തരമൊരു കോർപ്പറേറ്റ് സമിതിക്കു കേരളത്തിൽ സ്ഥാനമില്ല. കേരളം ഉയർത്തുന്ന ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ ഭാഗമാണ് ആസൂത്രണ ബോർഡ് എന്നും കേരളത്തിൽ കോർപ്പറേറ്റ് പ്രാതിനിധ്യത്തിന്റെ ആവശ്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന വിഹിതം എങ്ങനെ ചെലവാക്കാമെന്നുള്ള കാര്യത്തിൽ തങ്ങളുടെ ശിങ്കിടികളെ സംസ്ഥാന നീതി ആയോഗിൽ നിയമിച്ച് കൈകടത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഐസകിന്റെ വാദം.
Comments