പാലക്കാട്: മധു വധക്കേസിൽ വീണ്ടും കൂറ് മാറ്റം. വിചാരണയ്‌ക്കിടെ 32ാം സാക്ഷി മനാഫ് ആണ് കൂറുമാറിയത്.ഒന്നും കണ്ടതായി ഓർമയില്ലെന്നായിരുന്നു മനാഫ് കോടതിയോട് പറഞ്ഞത്. മുക്കാലിയിലെ ജീപ്പ് ഡ്രൈവറാണ് ഇയാൾ.
ഇതിനിടെ കേസിൽ കഴിഞ്ഞ ദിവസം കൂറ് മാറിയ സുനിൽ കുമാറിനെ കോടതി വീണ്ടും വിസ്തരിച്ചു. 32 മുതൽ 35വരെയുള്ള സാക്ഷികളുടെ വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാൽ സുനിൽ കുമാറിനെ വീണ്ടും വിസ്തരിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഭാഗം തടസ്സവാദം ഉന്നയിച്ചെങ്കിലും കോടതി അവഗണിക്കുകയായിരുന്നു.
തുടർന്ന് നേരത്തെ കാണിച്ച ദൃശ്യങ്ങൾ വീണ്ടും കാണിച്ചുകൊടുത്തു. ദൃശ്യത്തിലുള്ളയാളെ കാണുമ്പോൾ തന്നെപ്പോലെ തന്നെയുണ്ടെന്നായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം കാഴ്ചശക്തിയ്‌ക്ക് പ്രശ്‌നം ഉണ്ടെന്നും, ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
കാഴ്ച ശക്തി പരിശോധിച്ചതിൽ സുനിലിന് പ്രശ്‌നമില്ലെന്ന് ആണ് പ്രാഥമിക റിപ്പോർട്ട്. ഇതിന്റെ പകർപ്പും ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments