ലക്‌നൗ: ഇന്ത്യയുടെ ചരിത്രത്തിൽ ഹിന്ദുക്കൾ ഏറെ ദുരിതമനുഭവിച്ചത് മുഗൾ ഭരണത്തിന് കീഴിലായിരുന്നു. മതത്തിന്റെ പേരിൽ ഹിന്ദുക്കളെ നിരന്തരം പീഡിപ്പിച്ചിരുന്ന മുഗൾ ഭരണാധികാരികൾ കണ്ണിൽ കണ്ട ചെറുതും വലുതുമായ ഹിന്ദു ക്ഷേത്രങ്ങൾ മുഴുവനും തകർത്ത് തരിപ്പണമാക്കി. ബാബറിൽ ആരംഭിച്ച മുഗൾ സാമ്രാജ്യം ഔറംഗസീബിൽ എത്തിയപ്പോഴേക്കും രാജ്യത്ത് മണ്ണായി മാറിയത് 35,000 ലധികം ക്ഷേത്രങ്ങളാണ്. ഇവയ്‌ക്ക് മുകളിലായി മസ്ജിദുകൾ പണിതായിരുന്നു മുഗൾ രാജാക്കന്മാർ നിർവൃതി പൂണ്ടത്.
മുഗൾ ഭരണാധികാരികളിൽ മതത്തിന്റെ മത്ത് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് മുഗൾ സാമ്രാജ്യത്വത്തിന്റെ പ്രതാപകാലത്തിന്റെ അന്ത്യത്തിൽ രാജ്യം ഭരിച്ച ഔറംഗസീബിനായിരുന്നു. 1658 മുതൽ 1707വരെയുള്ള ഭരണകാലത്ത് ഔറംഗസീബ് തകർത്തത് ആകട്ടെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ. എന്നാൽ ഹിന്ദു ക്ഷേത്രങ്ങളെ നാമാവശേഷമാക്കി തത് സ്ഥാനത്ത് മസ്ജിദുകൾ കെട്ടിപ്പൊക്കിയിരുന്ന ഔറംഗസീബിനെ തോൽപ്പിച്ച ഒരു ക്ഷേത്രമുണ്ട് ഉത്തർപ്രദേശിലെ മഥുരയിൽ. ഈ ക്ഷേത്രം ഔറംഗസീബ് തകർത്തില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി അഞ്ച് ഗ്രാമങ്ങളിലെ വരുമാനവും സംഭാവന ചെയ്തു.
മഥുരയിലെ കേശവദേവ ക്ഷേത്രം നാമാവശേഷമാക്കി മുന്നേറുന്നതിനിടെയാണ് ഇവിടെ നിന്നും 20 കിലോ മീറ്റർ അകലെയുള്ള ബാൽദേവ് പട്ടണത്തിലെ ദാവോജി ക്ഷേത്രത്തെക്കുറിച്ച് ഔറംഗസീബ് അറിയാനിടയായത്. ജാതിമതഭേദമന്യേ എല്ലാവരും പ്രകീർത്തിക്കുന്ന ക്ഷേത്രം എത്രയും വേഗം തകർക്കുക എന്നതായി മുഗൾ ഭരണാധികാരിയുടെ പിന്നീടുള്ള ചിന്ത. ഉടനെ തകർത്ത് തരിപ്പണമാക്കാനായി ഔറംഗസീബും അദ്ദേഹത്തിന്റെ സൈന്യവും ദാവോജി ക്ഷേത്രം ലക്ഷ്യമിട്ട് യാത്ര ആരംഭിച്ചു.
ഏറെ നേരം യാത്ര ചെയ്തിട്ടും ദാവോജി ക്ഷേത്രം കാണാത്തതിനെ തുടർന്ന് വഴിയിൽ കാണുന്നവരോട് ചോദിക്കാൻ സംഘം തീരുമാനിച്ചു. ഇങ്ങനെ വഴിയിൽ കണ്ട ഒരു പ്രദേശവാസിയോട് ക്ഷേത്രത്തെക്കുറിച്ച് ഔറംഗസീബിന്റെ പടയാളികളിൽ ഒരാൾ ചോദിച്ചു. ഇവിടെ നിന്നും ഒരു മൈൽ ദൂരമുണ്ടെന്നായിരുന്നു സംഘത്തിന് ലഭിച്ച മറുപടി. പ്രദേശവാസി പറഞ്ഞത് അനുസരിച്ച് ഔറംഗസീബും സംഘവും യാത്ര തുടർന്നു. എന്നാൽ ക്ഷേത്രം കണ്ടില്ല.
പിന്നീട് പലരോടും ക്ഷേത്രത്തിലേക്കുള്ള ദൂരത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഒരു മൈൽ എന്നായിരുന്നു അവരിൽ നിന്നും ലഭിച്ച ഉത്തരം. ഇതോടെ ഔറംഗസീബും സംഘവും അമ്പരപ്പിലായി. ഇതിനിടെയാണ് പോത്തുകളുടെ ഒരു കൂട്ടം ഔറംഗസീബിനെയും സംഘത്തെയും ലക്ഷ്യമാക്കി പാഞ്ഞുവന്നത്. പോത്തുകളുടെ ആക്രമണത്തിൽ നൂറു കണക്കിന് പടയാളികൾക്കും കുതിരകൾക്കും പരിക്കേറ്റു.ദാവോ ജി ക്ഷേത്രം ലക്ഷ്യമിടുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഔറംഗസീബ് തോൽവി സമ്മതിച്ച് അവിടെ നിന്നും പടയാളികളുമായി രക്ഷപ്പെടുകയായിരുന്നു.
ക്ഷേത്രത്തിന്റെ ശക്തിയിൽ ഭയന്ന് വിറച്ച മുഗൾ ഭരണാധികാരി ചെയ്ത തെറ്റിന് പരിഹാരമെന്നോണം അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനം ക്ഷേത്രത്തിന് നൽകി. ഇതിന് പുറമേ എല്ലാവർഷവും വരുമാനത്തിൽ നിന്നും വലിയൊരു പങ്ക് ദാവോജി ക്ഷേത്രത്തിന് കൈമാറാനും ഉത്തരവിടുകയായിരുന്നു.
















Comments