മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. പ്രസിഡന്റ് അദ്ദേഹത്തിന്റെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വധശ്രമം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോ വീക്കിലി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വധശ്രമം എപ്പോൾ നടന്നുവെന്നത് സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
സംഭവം നടക്കുമ്പോൾ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് പുടിൻ യാത്ര ചെയ്തിരുന്നത്. പുടിന്റെ അഞ്ച് വാഹനങ്ങളിൽ മൂന്നാമത്തേതിലാണ് സ്‌ഫോടന ശ്രമം നടന്നതെന്നാണ്് റിപ്പോർട്ട്. ആദ്യത്തെ എസ്‌കോർട്ട് കാറിനെ ആംബുലൻസ് തടഞ്ഞുവെന്നും രണ്ടാമത്തെ കാർ തടസ്സമില്ലാതെ സഞ്ചരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുടിന്റെ മൂന്നാമത്തെ കാറിന്റെ ഇടതുവശത്ത് മുൻ ചക്രത്തിൽ ഉച്ചത്തിൽ പൊട്ടിത്തെറിയുണ്ടായി. തുടർന്ന് പ്രദേശമാകെ പുക പടർന്നിരുന്നു.വാഹനത്തിനുള്ളിൽ പുടിൻ മാത്രമാണുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പുടിന് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലൻസ് ഓടിച്ച ആളുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
റഷ്യ യുക്രെയ്‌നിൽ സൈനിക നടപടികൾ ആരംഭിച്ചത് മുതൽ പുടിനെതിരെ വധ ഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലും പുടിനെതിരെ വധശ്രമം നടന്നിരുന്നു.എന്നാൽ അദ്ദേഹം രക്ഷപ്പെട്ടതായി യുക്രെയ്‌നിയൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. തികച്ചും പരാജയപ്പെട്ട ശ്രമം നടന്നതായി യുക്രെയ്നിലെ ചീഫ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി കൈറിലോ ബുഡനോവും പറഞ്ഞിരുന്നു.
Comments