ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കള്ളനോട്ടടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 53,900 രൂപയും വ്യാജ നോട്ട് അച്ചടിക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ഇവർ നിർമ്മിച്ച വ്യാജ നോട്ടുകൾ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറോസാബാദ് സ്വദേശികളായ കമൽ പ്രതാപ്, രാംവീർ, കുൽവീന്ദർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് വർഷമായി സംഘം കള്ളനോട്ടടടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടു വരികയായിരുന്നു. വിപണിയിൽ കള്ളനോട്ടുകൾ വ്യാപിക്കുന്നത് മനസ്സിലാക്കിയ പോലീസ് പ്രത്യേക സംഘത്തെ തയ്യാറാക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗ്ജീവൻ നഗറിലെ വീട്ടിൽ നിന്നും മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരിൽനിന്നും വ്യാജ നോട്ട് നിർമ്മിക്കുന്നതിനാവശ്യമായി തയ്യാറാക്കി വെച്ച പേപ്പർ, ബ്ലേഡ് കട്ടർ, കത്രിക, മഷി കാട്രിഡ്ജുകൾ, എച്ച്‌പി ഇങ്ക് ടാങ്ക് 316 മോഡൽ പ്രിന്ററും കണ്ടെത്തി. റിസർവ് ബാങ്ക് അച്ചടിച്ച നോട്ടിന് സമാനമായ രൂപത്തിലും വലുപ്പത്തിലുമാണ് വ്യാജ നോട്ടുകൾ നിർമ്മിച്ചിരുന്നത്. 500 രൂപയുടെ നോട്ടാണ് കൂടുതലായും ഇവർ അച്ചടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തെ വിദഗ്ധമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.
















Comments