ന്യൂഡൽഹി: ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തുന്ന ചീറ്റപുലികളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേയ്‌ക്ക് എത്തിക്കുന്നതും ആകാശമാർഗ്ഗത്തിലൂടെ. തുറന്നുവിടാൻ ഉദ്ദേശിക്കുന്ന കൂനോ ദേശീയ ഉദ്യാനത്തിലേയ്‌ക്കാണ് ചീറ്റകൾ പറന്നിറങ്ങുന്നത്.
ആഫ്രിക്കയിൽ നിന്നും വിമാനത്തിൽ ചീറ്റകളെ ആദ്യം രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിലാണ് എത്തിക്കുക. അവിടെ നിന്നും വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററുകളിലേയ്‌ക്ക് ചീറ്റകളെ മാറ്റും. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററുകളിൽ ഘട്ടംഘട്ടമായി ചീറ്റകളെ മധ്യപ്രദേശിലെ കൂനോയിലേയ്‌ക്ക് എത്തിക്കാനുള്ള ദൗത്യം വ്യോമസേനയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടെ നമീബയിയിൽ നിന്നും നേരിട്ട് ദേശീയോദ്യാനത്തിന് അടുത്തേക്ക് വിമാനമിറങ്ങാൻ റൺവേകളുള്ള പ്രദേശമുണ്ടോ എന്ന ആലോചനയും നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിയ്‌ക്കുന്നത്. നബീമിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് 15 മുതൽ 20 വരെ ചീറ്റകളെ ഇന്ത്യ കരാർ പ്രകാരം വാങ്ങുവാൻ തീരുമാനിച്ചത്. ഈ മാസം 17-ാം തിയതിയാണ് മധ്യപ്രദേശിലെ കുനോ കേന്ദ്രത്തിന് പ്രധാനമന്ത്രി ചീറ്റകളെ സമർപ്പിക്കുന്നത്.
ചീറ്റകളില്ലാതിരുന്ന ഇന്ത്യൻ കാടുകൾക്ക് 70 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 1952ലാണ് ചീറ്റകൾ അന്യംനിന്നതായി കേന്ദ്രസർക്കാർ വന്യജീവി വകുപ്പ് പ്രഖ്യാപിച്ചത്. ചീറ്റകളെ കൊണ്ടുവരാനായി ഏറെ അലങ്കാരങ്ങളോടെ വിമാനം അയച്ചതും ആഗോള വാർത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ചീറ്റയുടെ മുഖം വരച്ചുചേർത്ത വിമാനമാണ് ചീറ്റകളെ കൊണ്ടുവരാനായി നമീബിയയിലേയ്‌ക്ക് എത്തിയിട്ടുള്ളത്.
Comments