കന്നഡ യുവതാരം പുനീത് രാജ്കുമാർ അന്തരിച്ചിട്ട് ഒരു വർഷം തികയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ മരണം കന്നഡ സിനിമാ പ്രേമികളെയും ആരാധകരെയും ഏറെ വേദനയിലാഴ്‌ത്തി. ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും അഗാധമായ ദുഃഖത്തിൽ നിന്നും ഇന്നും ആരാധകർ കരകയറിയിട്ടില്ല. പുനീത് അവർക്ക് വെറും ഒരു നടൻ മാത്രം ആയിരുന്നില്ല, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകം കൂടിയായിരുന്നു. അങ്ങേയറ്റം എളിമയോടും ദയയോടും കൂടി മാത്രമെ പുനീത് രാജ്കുമാറിനെ എല്ലായ്പ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളു. ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചു. യുവാക്കൾക്ക് പ്രചോദനമായ താരത്തിന്റെ ജന്മദിനം ‘ഇൻസ്പിരേഷൻ ഡേ’ ആയി ആചരിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് കർണാടക സർക്കാർ.
1975 മാർച്ച് 17 നാണ് പുനീത് രാജ്കുമാർ ജനിച്ചത്. 2023 വർഷം മുതൽ മാർച്ച് 17 പ്രചോദന ദിനമായി കർണാടക ആഘോഷിക്കും. കർണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വാസുദേവ് സുനിൽ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗളൂരു ചൗഡയ്യ മെമ്മോറിയൽ ഹാളിൽ നടന്ന ബ്രഹ്മർഷി നാരായണഗുരു ജയന്തി പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ജന്മദിനം പ്രചോദന ദിനമായി ആചരിക്കണമെന്ന തന്റെ അഭ്യർത്ഥന പരിഗണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് സുനിൽ കുമാർ ട്വീറ്ററിലൂടെ പറഞ്ഞു.
ഒക്‌ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം. ജിമ്മിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ‘അപ്പു’ എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. പുനീത് കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം നൽകിയിരുന്നു.
Comments