സമർഖണ്ഡ് : യുക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രശംസയുമായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞത്. ഇതോടെ സൈനിക നടപടികൾ ഉടൻ നിർത്തലാക്കുമെന്ന് പുടിൻ അറിയിക്കുകയായിരുന്നു. ഉസ്‌ബെകിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ മാദ്ധ്യമങ്ങളും മോദിയുടെ നിലപാടിനെ പുകഴ്‌ത്തിയിട്ടുണ്ട്.
ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും ഇക്കാര്യം നേരത്തെയും താൻ ഫോണിൽ സംസാരിച്ചതാണെന്നും മോദി പറഞ്ഞു. യുക്രെയ്തിനെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്ക തനിക്ക് അറിയാമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു പുടിന്റെ മറുപടി. എന്നാൽ യുക്രെയ്ൻ നേതൃത്വത്തിന് ചർച്ചകളിൽ താത്പര്യമില്ല. യുദ്ധഭൂമിയിൽ സൈനിക നടപടിയിലൂടെ പ്രശ്‌നം അവസാനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിഷയത്തിൽ എല്ലാ കാര്യങ്ങളും ഇന്ത്യയെ അറിയിക്കുമെന്നും പുടിൻ പറഞ്ഞു.
ഇന്ത്യയുടെ ഈ നിലപാടിന് പിന്തുണയുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രവൃത്തികളിലൂടെ അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്ന് പുടിൻ സ്വയം ഒറ്റപ്പെടുത്തുകയാണെന്നാണ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞത്. ലോകത്തിന്റെ ആശങ്കകളെക്കുറിച്ചാണ് ഇന്ത്യ റഷ്യയുമായി സംസാരിച്ചത് എന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
Comments