ന്യൂഡൽഹി: ഇന്ത്യയിൽ വംശനാശം വന്നുപോയ ചീറ്റപ്പുലികളെ രാജ്യത്ത് പുനരധിവസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ.
താങ്കളുടെ ജൻമദിനം ഏറ്റവും നന്നായി ആഘോഷിക്കാൻ ഇതിലും മികച്ച ഒരു വഴിയില്ല. രാജകീയ പ്രൗഡിയുളള ഈ മൃഗങ്ങളെ അങ്ങയുടെ നാട്ടിൽ തിരിച്ചെത്തിച്ചിരിക്കുന്നു. സന്തോഷം നിറഞ്ഞ ജൻമദിനാശംസകൾ. ആനന്ദ് മഹീന്ദ്ര കുറിച്ചു. കുനോ ദേശീയ ഉദ്യോനത്തിൽ പ്രധാനമന്ത്രി ചീറ്റകളെ തുറന്നുവിടുന്നതിന്റെയും അതിന്റെ ചിത്രങ്ങൾ പകർത്തുന്നതിന്റെയും വീഡിയോയും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്.
എഴുപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വംശനാശം വന്നുപോയ ചീറ്റപ്പുലികളെ നമീബിയയിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത്. കുനോ ദേശീയോദ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവയെ തുറന്നുവിട്ടത്. പ്രത്യേക ജംബോ ജെറ്റ് വിമാനത്തിലാണ് ചീറ്റകളെ നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്.
പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു നീക്കം. അതുകൊണ്ടു തന്നെ ചീറ്റകളുടെ പുനരധിവാസച്ചടങ്ങ് എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച പ്രധാനമന്ത്രിക്കുളള സമ്മാനമായിട്ടാണ് രാജ്യം സമർപ്പിച്ചത്.
Comments