തിരുവനന്തപുരം : ഓണം ബംപർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് നടന്നത് റെക്കോർഡ് ടിക്കറ്റ് വിൽപ്പന. 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്നലെ വൈകുന്നേരം വരെയുളള കണക്കുകളാണിത്.
500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ രണ്ടരലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചു. ഇതിൽ 1.04 ലക്ഷം ടിക്കറ്റുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇന്ന് ഉച്ചയോടെ ഇതിൽ ഭൂരിഭാഗവും വിറ്റ് പോകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്‌ക്കാണ്. ടിക്കറ്റ് വിലയായ 500 രൂപയിൽ നിന്ന് ഏകദേശം 400 രൂപയോളം സർക്കാർ ഖജനാവിലേക്കാണ്. ഇതുവരെ 270 കോടി ഖജനാവിൽ എത്തിയെന്നാണ് വിലയിരുത്തൽ.
ഓണം ബംപർ അടിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്ന് ഉച്ചയോടെ അറിയാനാകും. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക. 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും.
















Comments