ഗുരുവായൂർ : ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . അത് ഏതെങ്കിലും വംശത്തിന്റെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ദർശനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ചേർന്ന ആർ എസ് എസ് ഗുരുവായൂർ സംഘ ജില്ലാ ഗണവേഷ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വത്തിനാകെ മാർഗദർശനമേകാനാകും വിധം ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാൻ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവർത്തനമാണ് ആർ എസ് എസ് പ്രവർത്തകർ ചെയ്യുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഭാരതം ലോകത്തിന്‌റെ സമസ്ത മേഖലയിലും ഒന്നാമതായി മാറും. അതിന് ഇവിടത്തെ അടിസ്ഥാന സാംസ്‌കാരിക മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഹിന്ദു സമാജത്തെ ശക്തമാകണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലികളാകണം , അദ്ദേഹം പറഞ്ഞു.
ദുഷ്ടന് അറിവെന്നാൽ അത് ദുഷ്പ്രവൃത്തികൾക്കായി ഉപയോഗിക്കും. ധനം വർധിക്കുന്നത് അഹന്തയ്‌ക്കും ശക്തി കൂടുന്നത് മറ്റുള്ളവരെ ദ്രോഹിക്കാനുമായിട്ടാണ് ദുഷ്ജനങ്ങൾ ഉപയോഗിക്കുക. അത് വിധ്വംസകമാണ്. സുജലയും സുഫലയും മലയജശീതളയുമായ പ്രകൃതിയുടെ പരമ്പരയാണ് ഹിന്ദുത്വമെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസിന് പ്രവർത്തനം കേവലം ഒരു പരിപാടിയല്ല തപസ്യയാണ്. ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്നതാണ് അതിന്റെ സ്വഭാവം, സർസംഘചാലക് പറഞ്ഞു.

കേരളത്തിൽ നാലു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സർസംഘചാലക് നാളെ മടങ്ങും. ഈ മാസം 15-ാം തിയതി തിരുവനന്തപുരത്ത് എത്തിയ മോഹൻ ഭാഗവത് മാതാ അമൃതാനന്ദ മയിയുമായി കൂടിക്കാഴ്ച നടത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് എറണാകുളം എളമക്കര യിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തി മുതിർന്ന പ്രചാരകരായ ആർ.ഹരി, എം.എ.കൃഷ്ണൻ എന്നിവരെ കണ്ട് ക്ഷേമാന്വേഷണം നടത്തി.
തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ വിവിധ യോഗങ്ങളാണ് രണ്ടു ദിവസങ്ങളായി നടന്നത്. ഇതിനിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും സർസംഘചാലക് കൂടിക്കാഴ്ചയ്‌ക്ക് സമയം കണ്ടെത്തി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം വൈകിട്ടാണ് ശ്രീകൃഷ്ണ കോളേജിൽ നടന്ന സാംഘിക്കിൽ പതിനായിരത്തോളം വരുന്ന ഗണവേഷധാരി സ്വയംസേവകരെ അദ്ദേഹം അഭിസംബോധന ചെയ്ത് സന്ദേശം നൽകിയത്.
ആർ എസ് എസ് ക്ഷേത്രീയ സംഘചാലക് ഡോ.എ.ആർ. വന്നിയരാജൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂർ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ , ഗുരുവായൂർ ജില്ലാ സംഘചാലക് റിട്ട.കേണൽ വി. വേണുഗോപാൽ, പ്രാന്ത സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ എന്നിവർ സാംഘിക്കിൽ സന്നിഹിതരായിരുന്നു.
















Comments