ന്യൂഡൽഹി: അന്തർദേശീയ തൊഴിൽ തട്ടിപ്പുകാർ നിയമവിരുദ്ധമായി പൗരന്മാരെ കടത്തുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. തൊഴിൽ വാഗ്ദാനം ചെയ്ത് 60-തിലധികം ഇന്ത്യൻ പൗരന്മാരെയാണ് തട്ടിപ്പ് സംഘം മ്യാൻമറിലേക്ക് കടത്തിയത്. മ്യാൻമറിലെ മ്യാവഡി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റാണ് തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് നിയമവിരുദ്ധമായി പൗരൻമാരെ മ്യാൻമറിലെത്തിച്ചത്.
നിലവിൽ 30 പൗരന്മാരെ എംബസി ഇടപെട്ട് രക്ഷപ്പെടുത്തി. മറ്റുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി എംബസി അറിയിച്ചു. പൗരന്മാരെ രക്ഷിക്കാനായി മ്യാൻമർ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണമില്ലാത്ത രാജ്യത്തിന്റെ തെക്കുക്കിഴക്കൻ നഗരമാണ് മ്യാൻവഡി.സർക്കാരിന് നിയന്ത്രണങ്ങൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിനെ ബാധിക്കാനും സാധ്യതയുള്ളതായി മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകിയത്. റിക്രൂട്ടിങ്ങ് ഏജന്റുമാരെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതു തരം ജോലി, കമ്പനി വിവരങ്ങൾ,സ്ഥലം എന്നിവയൊക്കെ ഉറപ്പ് വരുത്തി മാത്രമേ വിദേശരാജ്യങ്ങളിലേക്ക് ജോലിയ്‌ക്കായി പോകാവൂയെന്നും മന്ത്രാലയം പറഞ്ഞു.
Comments