മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ സുഹൃത്തിനൊപ്പം ക്ഷേത്രം ദർശനത്തിനെത്തിയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. നൈഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അശതാഭുജി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്ര ദർശനത്തിന് ശേഷം സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമാ സ്റ്റൈലിൽ അക്രമികൾ എത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ബലം പ്രയോഗിച്ച് അടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ ക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. സുഹൃത്തിന്റെ മുന്നിൽ വെച്ച് ഇവർ മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പീഡനത്തിന് ശേഷം പെൺകുട്ടിയുടെ പക്കലുള്ള മൊബൈൽ ഫോണും ആഭരണങ്ങളും കവർച്ച ചെയ്ത് ഇവർ കടന്നു കളയുകയായിരുന്നു. കൂടെ ഉള്ള സുഹൃത്ത് ക്ഷേത്രത്തിലേക്ക് പോവുകയും ജീവനക്കാരെ വിവരം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്ര ജീവനക്കാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര വൈദ്യ സഹായം നൽകുകയും ചെയ്തു.
യുവതിയുടെയും സുഹൃത്തിനെയും മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പ്രതികളായ മൂന്ന് പേരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
Comments