ന്യൂഡൽഹി: ഒരു വർഷക്കാലത്തെ അനിശ്ചിതത്വം നീക്കി ഒടുവിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ. പുതുതായി രൂപികരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനേയും ബിജെപിയിൽ ലയിപ്പിച്ചതായും അമരീന്ദർ സിംഗ് അറിയിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമർ, കിരൺ റിജിജു എന്നിവരാണ് അമരീന്ദറിനെ പാർട്ടിയിൽ അംഗത്വം കൊടുക്കുന്ന ചടങ്ങിന് നേതൃത്വം വഹിച്ചത്. കോൺഗ്രസിൽ നിന്നും രാജിവെച്ചാണ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി രൂപീകരിച്ച് അമരീന്ദർ മത്സരിച്ചത്.
ക്യാപ്റ്റൻ അമരീന്ദർ എന്നും ദേശീയ താൽപ്പര്യത്തിന് മുൻതൂക്കം നൽകിയ വ്യക്തിയാണ്. ബിജെപിയിലേയ്‌ക്കെത്തിയ അമരീന്ദറിനെ സ്വാഗതം ചെയ്യുന്നു. ലക്ഷക്കണക്കിന് ബിജെപി അനുയായികളുടെ പിന്തുണ അമരീന്ദറിനുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു. നേരത്തെ അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രമന്ത്രി അമിത് ഷായേയും ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയേയും കണ്ടിരുന്നു. കഴിഞ്ഞ 12-ാം തിയതി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്.
പഞ്ചാബിൽ വളർന്നുവരുന്നത് മയക്കുമരുന്ന് ഭീകരതയാണ്. രാജ്യ സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയാണ് പഞ്ചാബിലെ വിവിധ മേഖലകൾ ഉയർത്തുന്നത്. ഭീകരതയെ പ്രതിരോധി ക്കാൻ കേന്ദ്രം ഭരിക്കുന്ന സുശക്തമായ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കേണ്ടത് അനിവാര്യതയാണെന്നും അമരീന്ദർ പറഞ്ഞു.
Comments