പ്രശസ്ത എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൽ സെൽവൻ’ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ മണിരത്‍നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അലകടലാഴം നെലവ് അറിയാതോ’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. എ.ആർ.റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദിയാണ്. വരികളെഴുതിയിരിക്കുന്നത് ശിവ അനന്ത് ആണ്.
സിനിമയിലെ നായിക കഥാപാത്രങ്ങളിലൊന്നായ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലിയുടെ ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. കാർത്തിയുടെ വന്ദിയതേവൻ നടത്തുന്ന കപ്പൽയാത്രയാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പും പുറത്തു വിട്ടിട്ടുണ്ട്. മലയാള ഗാനം ശ്വേതാ മേനോൻ ആലപിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിന്റെയാണ് വരികൾ. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്റെ കഥയാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേഷകരിലേയ്‌ക്ക് എത്തുക.
‘ചെക്കാ ചിവന്ത വാനത്തിന്’ ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു മണിരത്‌നം ചിത്രം പുറത്തിറങ്ങാൻ തയ്യാറായിരിക്കുന്നത്. വിക്രം, കാർത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങിയ വലിയ നിരയാണ് സിനിമയിൽ അണിനിരക്കുന്നത്. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം സെപ്റ്റംബർ 30 റിലീസ് ചെയ്യും.
Comments