ന്യൂഡൽഹി : രാഷ്‌ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2000 രൂപയ്‌ക്ക് മുകളിൽ സംഭാവന നൽകുന്ന ആളുകളുടെ പേരുവിവരങ്ങൾ ഇനി രഹസ്യമായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. പാർട്ടിക്ക് ഒരാളിൽ നിന്ന് ലഭിക്കുന്ന മൊത്തം സംഭാവന 20 കോടിയോ അല്ലെങ്കിൽ ആകെ സംഭാവനകളുടെ 20 ശതമാനമോ ആക്കി ചുരുക്കാനും നിർദ്ദേശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിൽ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ നിയമമന്ത്രി കിരൺ റിജിജുവിന് കത്ത് നൽകിയിട്ടുണ്ട്.
അംഗീകാരമില്ലാത്ത പാർട്ടികൾക്കെതിരെ നടപടിയെടുക്കുക എന്നതായിരുന്നു ആദ്യപടി. ഇപ്പോൾ അംഗീകൃത പാർട്ടികളുടെ പ്രവർത്തനരീതി പരിഷ്‌കരിക്കാനും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും എതിരായി നടപടിയെടുക്കാനുമാണ് കമ്മീഷന്റ തീരുമാനം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ രാഷ്‌ട്രീയ പാർട്ടികൾ 20,000 രൂപയോ അതിൽ കൂടുതലോ സ്വീകരിച്ചാൽ മാത്രം സംഭാവനകളുടെ വിശദാംശങ്ങളും, സ്വീകരിച്ച സ്ഥാപനത്തിന്റെ വിവരങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് നിരീക്ഷകനോട് വെളിപ്പെടുത്തിയാൽ മതി. ഈ മാനദണ്ഡത്തിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഒരു സ്ഥാനാർത്ഥി ആദ്യം എംഎൽഎയായി മത്സരിക്കുകയും പിന്നീട് എംപിയായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ, ഓരോ തിരഞ്ഞെടുപ്പിനും രണ്ട് പ്രത്യേക അക്കൗണ്ടുകൾ തുറക്കേണ്ടതുണ്ട്. മത്സരിക്കുന്ന ഓരോ തിരഞ്ഞെടുപ്പിനും സ്ഥാനാർത്ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതുവഴി കമ്മീഷന് സ്ഥാനാർത്ഥികളുടെ ചെലവ് പരിധി നിരീക്ഷിക്കാനും അതിൽ സുതാര്യത കൊണ്ടുവരാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചില രാഷ്‌ട്രീയ കക്ഷികൾ തങ്ങൾ സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ, അവരുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട് സ്റ്റേറ്റ് മെൻറിൽ വൻ തുക സ്വീകരിച്ചതായി കാണിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിലുള്ള ഇടപാടുകൾ നടന്നതായി കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങുന്നത്.
Comments