ആലപ്പുഴ: ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരളത്തിന്റെ തെരുവിഥീകളിലൂടെ ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുൽ ഗാന്ധിയാണ് അനിലിന്റെ വീട്ടിലെ അപ്രതീക്ഷിത അതിഥി. എന്നാൽ അതിഥിയുടെ വരവ് ശൗചാലയം തേടിയായിരുന്നു. വീട്ടിൽ ആദ്യം എത്തിയത് രാഹുലിന്റെ കരിമ്പൂച്ചകൾ. കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് വീടിനുള്ളിൽ കയറി ഇന്ത്യൻ ക്ലോസെറ്റും യൂറോപ്യൻ ക്ലോസെറ്റും പരിശോധിച്ചു.
വീടിനുള്ളിലെ യൂറോപ്യൻ ക്ലോസെറ്റ് പ്രായമായ അമ്മയുടെ മുറിയിലായിരുന്നു. അതിനാൽ അത് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദ്ദേശം വന്നു. ആരും വീടിനുള്ളിൽ പ്രവേശിക്കരുതെന്ന് പറഞ്ഞതിന് പിന്നാലെ കരിമ്പൂച്ചകൾ വീട്ടിലേയ്ക്ക് ഇരച്ചെത്തി. ആറുവഴി ഹിന്ദ് ടയേഴ്സ് ഉടമ അനിലും ഇളയ മകൾ അഞ്ജനയും വീടിന് പുറത്തുമായി. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലൂടെ രാഹുൽഗാന്ധി വീട്ടിലേയ്ക്ക് പ്രവേശിച്ചു. ഇതോടെയാണ് സംഭവം എന്താണെന്ന് വീട്ടുകാർക്ക് പിടികിട്ടിയത്.
ശൗചാലയം ഉപയോഗിച്ച ശേഷം ഇറങ്ങി വന്ന രാഹുൽ ഗാന്ധിയ്ക്ക് വീണ്ടും കരിമ്പൂച്ചകൾ സുരക്ഷ ഒരുക്കി. ഇതിനിടെ രാഹുൽ ഗാന്ധിയ്ക്കൊപ്പം സെൽഫി എടുക്കാൻ കഴിയുമോ എന്ന് വീട്ടുകാർ ചോദിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാൽ സെൽഫി എടുക്കണോ എന്നാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. അവസാനം സെൽഫി എടുത്ത ശേഷം സംതൃപ്തിയോടെ രാഹുൽ ഗാന്ധി നടത്തം ആരംഭിക്കുകയായിരുന്നു.
Comments