പലരെയും ഏറെ വലയ്‌ക്കുന്ന ഒന്നാണ് വയറിളക്കം. പലതും പരീക്ഷിച്ച് രോഗം ശമിച്ചു എന്നു കരുതി കുറച്ചധികം നടന്നു കഴിയുമ്പോൾ വീണ്ടും വയറിളകും. വയറിളക്കം ഉള്ളവർക്ക് യാത്ര പറ്റുന്ന ഒന്നല്ല. പലരും പ്രശ്നമായലോ എന്ന് കരുതി യാത്ര വേണ്ടന്നും വെയ്‌ക്കും. നിങ്ങളുടെ ദഹനനാളത്തിന് തകരാറുണ്ടാകുമ്പോഴാണ് വയറിളക്കം സംഭവിക്കുന്നത്. ബാക്ടീരിയ മൂലമുള്ള ദഹന പ്രശ്‌നമാണിത്. അയഞ്ഞതും ജലമയവുമായ മലവിസർജ്ജനം, വയറുവേദന, വയർ വീക്കം മുതലായ പ്രശ്നങ്ങൾക്ക് കാരണമാവുകയും സാധാരണയായി സ്വയം ഭേദമാവുകയും ചെയ്യുന്ന രോഗമാണ് വയറിളക്കം.
ചില സാഹചര്യങ്ങളിൽ വയറിളക്കം കൂടുതൽ ദിവസങ്ങൾ നിലനിൽക്കും. മലിന ജലം, ഭക്ഷ്യവിഷബാധ, വൈറൽ അണുബാധ എന്നിവ എല്ലാം മൂലമാണ് ഇത് സംഭവിക്കുന്നത്. വയറ്റിലെ മലബന്ധം, പനി, വായുകോപം, ഇടയ്‌ക്കിടെ മലവിസർജ്ജനം നടത്തണമെന്ന തോന്നൽ, നിർജ്ജലീകരണം എന്നിവയാണ് വയറിളക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണുള്ളത്. ആദ്യത്തേത് തീവ്രമായ വയറിളക്കം. ഒന്ന് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഇത് ചികിത്സ ആവശ്യമില്ലാതെ തന്നെ പരിഹരിക്കപ്പെടും. രണ്ടാമത്തേത്, സ്ഥിരമായ വയറിളക്കമാണ്. ഇത് ആഴ്ചകളോളം നീണ്ടുനിൽക്കും. മൂന്നാമത്തേത്, നാല് ആഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ്.
എന്താണ് വയറിളക്കത്തിനുള്ള പ്രതിവിധികൾ എന്ന് നോക്കാം,
വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നിർജ്ജലീകരണമാണ്. ജലമയമായ മലവിസർജ്ജനം ശരീരത്തിലെ സോഡിയം, ക്ലോറൈഡ് തുടങ്ങിയ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും നഷ്ടത്തിന് കാരണമാകും. വയറിളക്കം വരാതിരിക്കാൻ അവശ്യ ദ്രാവകങ്ങൾ ശരീരത്തിലെത്തേണ്ടതുണ്ട്. ശരീരത്തിൽ ജലാംശം പകരുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് വെള്ളം കുടിക്കുക എന്നത്. ഒരു ലിറ്റർ വെള്ളം അര ടീസ്പൂൺ ഉപ്പും 6 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വയറിളക്കം ഉള്ളപ്പോൾ കുടിച്ചാൽ പ്രശ്നങ്ങൾ ശമിക്കും.
ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിൽ നിന്ന് ഉടനടി ആശ്വാസം നൽകാൻ സഹായിക്കും. കുറഞ്ഞ അളവിൽ ഫൈബർ ഉള്ളതും എന്നാൽ അന്നജം കൂടുതലുള്ളതുമായ ഭക്ഷണം കഴിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഓട്സ്, ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ്, ചിക്കൻ സൂപ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പെക്റ്റിൻ അടങ്ങിയ കാരറ്റ് കഴിക്കുന്നതും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമായ ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്.
പുളിപ്പിച്ച ഭക്ഷണങ്ങളിലും തൈരിലും അടങ്ങിയിരിക്കുന്ന ജീവനുള്ള ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. ദഹനവ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്ന സൂക്ഷ്മാണുക്കളാണിവ. നല്ല ബാക്ടീരിയകൾ കുടലിനും വയറിനും ഗുണം ചെയ്യും. പനീർ, ഡാർക്ക് ചോക്ലേറ്റ്, ഒലിവ്, അച്ചാറുകൾ, തൈര് തുടങ്ങിയ ചില ഭക്ഷണങ്ങളിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചമോമൈൽ ടീ, ഇഞ്ചി ചായ, ഗ്രീൻ ടീ, ലെമൺ ടീ തുടങ്ങിയ ചില ചായകൾ കുടിക്കുന്നത് വയറിളക്കം കുറയ്‌ക്കാൻ സഹായിക്കും. വയറ്റിലെ വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ഇഞ്ചി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്. വയറിളക്കം ഉള്ളപ്പോൾ ജ്യൂസുകൾ കുടിക്കുന്നത് ഒഴിവാക്കുക. കൂടാതെ കൃത്രിമ മധുര പലഹാരങ്ങൾ, എണ്ണ കടികൾ എന്നിവയും കഴിക്കാതിരിക്കുക.
Comments