മുംബൈ: രാജ്യത്തെ മൊബൈൽ മോഷണങ്ങൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. കവർച്ച ചെയ്യുന്ന മൊബൈൽ ഫോണുകൾ അയൽ രാജ്യങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിവരികയാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. മൊബൈൽ മോഷ്ടിച്ച് കടത്തുന്ന സംഘങ്ങൾ രാജ്യത്ത് വ്യാപകമാണെന്നും പോലീസ് മുന്നറിയിപ്പ് തരുന്നുണ്ട്.
അടുത്തിടെ മൊബൈൽ മോഷണ കേസിൽ ത്രിപുര സ്വദേശിയുൾപ്പെടെ 21 പേർ പിടിയിലായിരുന്നു. ഇവരിൽ നിന്നുമാണ് മൊബൈൽ മോഷണ റാക്കറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇവരുടെ പക്കൽ നിന്നും 800 മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തിരുന്നു.
നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് മോഷ്ടിച്ച ഫോണുകൾ ഇവർ എത്തിക്കുന്നത്. കൊറിയർ ഏജൻസികൾ വഴിയും, അതിർത്തി മേഖലകളിൽ താമസിക്കുന്ന ഗ്രാമവാസികൾ വഴിയുമാണ് ഇവർ ഫോണുകൾ കടത്തുക. മോഷ്ടിച്ച ഫോണുകൾ സംഘങ്ങൾ ആദ്യം ത്രിപുരയിൽ എത്തിക്കും. ഇവിടെ നിന്നാണ് അതിർത്തി കടത്തുക. ഇത്തരത്തിൽ കടത്തുന്ന ഫോണുകൾ ഇരട്ടി വിലയിലാണ് അയൽരാജ്യങ്ങളിൽ വിൽപ്പന നടത്തുന്നത്. ഇതിനുള്ള നെറ്റ്‌വർക്കും സജീവമാണെന്നാണ് വിവരം.
നേപ്പാൾ സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ അഷ്ഫാഖ് അഹമ്മദ് അബ്ദുൾ അസീസ് ഷെയ്ഖ് ആണ് മൊബൈൽ മോഷണ റാക്കറ്റിലെ പ്രധാനി. മൊബൈൽ ഫോണുകളുടെ വിൽപ്പനയ്‌ക്കായി 50 ഓളം വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആണ് ഇയാൾ രൂപീകരിച്ചിരിക്കുന്നത്. മോഷ്ടിച്ച ഫോണുകളുടെ ചിത്രങ്ങളും വിലയും ഈ ഗ്രൂപ്പുകളിൽ ഇടും. ആവശ്യക്കാർക്ക് ഇത് വഴി ഫോണുകൾ വാങ്ങാം.
















Comments