മുംബൈ: രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ റെയ്ഡിൽ മുംബൈയിൽ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. പനവേൽ, ബിവാണ്ടി, മലാഡ്, കാന്റിവാലി, കുർള ഏരിയ തുടങ്ങിയ ഇടങ്ങളിൽ നിന്നും പിടികൂടിയ ആളുകൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120B, 121-A, 153-A കൂടാതെ യു എ പി എ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തു.
എൻ ഐ എ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ സംസ്ഥാന പോലീസിന്റെ ഉൾപ്പെടെ സഹായത്തോടെ രാജ്യത്ത് നടത്തിയ തിരച്ചിലിൽ 106 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആന്ധ്രാ പ്രദേശ് 5, അസം 9, ഡൽഹി 3, കർണാടക 20, കേരളം 22, മദ്ധ്യപ്രദേശ് 4, മഹാരാഷ്‌ട്ര 20, പുതുച്ചേരി 3, രാജസ്ഥാൻ 2, തമിഴ് നാട് 10, ഉത്തർപ്രദേശ് 8 എന്നിങ്ങനെയാണ് പിടിയിലായവരുടെ കണക്ക്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒരേ സമയം നടത്തുന്ന ഏറ്റവും വലിയ തിരച്ചിലാണിത്. രാത്രി 1 മണി മുതൽ പലയിടങ്ങളിലായി തുടങ്ങിയ തിരച്ചിലിന് 1500 ഓളം കേന്ദ്ര സേനകളും സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികൾക്ക് സംരക്ഷണം നൽകി. നിരവധി നിർണ്ണായക രേഖകൾ, 100ൽ അധികം മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കൂടാതെ മറ്റ് സുപ്രധാന വിവരങ്ങൾ ഉൾപ്പെടെ അന്വേഷണ ഏജൻസികൾ കണ്ടെടുത്തു.
പോപ്പുലർ ഫ്രണ്ടിന് ഭീകരവാദത്തിനുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത്, ഭീകരവാദ സംഘടനകളിലേക്ക് ആളുകളെ ചേർക്കൽ തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് റെയ്ഡ് നടത്തിയത്. മംഗളൂരുവിൽ അന്വേഷണ ഏജൻസികൾക്കെതിരേ പ്രതിഷേധങ്ങൾ നടക്കുകയും പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ചെയ്തു.
തെലങ്കാനയിൽ ഈ മാസം പോപ്പുലർ ഫ്രണ്ടിന്റെ 40 കേന്ദ്രങ്ങളിലാണ് അന്വേഷണ ഏജൻസികൾ തിരച്ചിൽ നടത്തിയത്. എൻ ഐ എ നടത്തിയ ഓപ്പറേഷനിൽ ഡിജിറ്റൽ ഉപകരണങ്ങളും, രേഖകളും, രണ്ട് വാളുകളും, 8,31,500 രൂപയും പിടിച്ചെടുത്തു.
Comments