ഇലക്ട്രിക് വാഹനങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്. ഇപ്പോൾ കരുത്തുറ്റ ഇലക്ട്രിക് എസ്‍യുവികൾ നിർമ്മിക്കുന്നതിനായി ഫണ്ട് നൽകാൻ കഴിയുന്ന നിക്ഷേപകരെ കമ്പനി തേടുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ പോകുന്ന എസ്‍യുവി 400 ഇവി കമ്പനി വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി 500 മില്ല്യൺ ഡോളർ( ഏകദേശം 4.048 കോടി കോടി രൂപ) സമാഹരിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
ഒരു ദീർഘകാല ആഗോള നിക്ഷേപകനെ കണ്ടെത്താൻ കാർ നിർമ്മാതാവ് ചർച്ചയിലാണെന്നാണ് വാർത്താ എജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി, ആഗോള ഗ്രീൻ ഫണ്ടുകളായും സ്വകാര്യ ഓഹരി സ്ഥാപനങ്ങളുമായും പ്രാരംഭ ചർച്ചകളിലാണ് മഹീന്ദ്ര. റോയിറ്റേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, ചില നിക്ഷേപകർ ഏകദേശം 800 മില്ല്യൻ ഡോളർ ഫണ്ട് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ നിലവിൽ വലിയ ഒരു ഓഹരി നൽകാൻ മഹീന്ദ്ര തയ്യാറല്ല.
മഹീന്ദ്ര തങ്ങളുടെ അഞ്ച് പുതിയ ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റുകൾ ഓഗസ്റ്റിൽ യുകെ ഫെസിലിറ്റിയിൽ പ്രദർശിപ്പിച്ചിരുന്നു. വരും വർഷങ്ങളിൽ ഇന്ത്യൻ നിരത്തിലിറക്കാൻ പോകുന്ന മഹീന്ദ്രയുടെ പുതിയ അഞ്ച് ഇലക്ട്രിക് എസ്‍യുവികളുടെ ശ്രേണികളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ നാലെണ്ണം 2024 ഡിസംബറിനും 2026 നും ഇടയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 മാർച്ചോടെ എല്ലാ ഇലക്ട്രിക് എസ്‍യുവികളുടെയും വില്പന മൂന്നിലൊന്ന് ആക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
Comments