തിരുവനന്തപുരം : പണം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരക്കുകയാണെന്ന് 25 കോടിയുടെ ഓണം ബംപർ വിജയി അനൂപ്. രാവിലെ മുതൽ വീട്ടിൽ കടം ചോദിച്ചെത്തുന്നവരുടെ തിരക്കാണെന്നും ഇവരെ പേടിച്ച് ഒളിച്ച് താമസിക്കേണ്ട ഗതികേടിലാണെന്നും അനൂപ് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അനൂപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് അനൂപ് പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമുളളത് കാരണം ഇപ്പോൾ എവിടെയും പോകാൻ സാധിക്കുന്നില്ല. ഗേറ്റിന് മുന്നിൽ വന്ന് ആളുകൾ തട്ടുകയാണ്. അത് കാരണം ബന്ധുക്കളുടെ വീട്ടിലാണ് ഇപ്പോൾ താമസമെന്നും ശ്രീവിഹാരം സ്വദേശിയായ അനൂപ് പറയുന്നു.
ഓണം ബംപർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. എന്നാൽ ദിനംപ്രതി അത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റുന്നില്ല. കുട്ടിക്ക് സുഖമില്ലാതായിട്ട് ആശുപത്രിയിൽ പോകാനും സാധിക്കുന്നില്ല. എവിടേക്ക് മാറിയാലും വീട് കണ്ടെത്തി ആളുകൾ അങ്ങോട്ട് വരികയാണ്.
പണം കിട്ടിയാലും ടാക്‌സ് സംബന്ധിച്ച് കാര്യങ്ങളൊന്നും അറിയില്ല. എന്തായാലും അത് കൈയ്യിൽ കിട്ടി രണ്ട് വർഷം കഴിഞ്ഞ് മാത്രമേ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യം തീരുമാനിക്കൂ. കോടീശ്വരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാൻ പോലും സാധിക്കുന്നില്ലെന്നാണ് അനൂപ് പറയുന്നത്.
തന്നെ അന്വേഷിച്ചെത്തുന്നവരുടെ ശല്യം കാരണം അയൽവാസികൾ പോലും ശത്രുക്കളായി . ഇത്രയും വലിയ സമ്മാനം കിട്ടേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നത് എന്നും അനൂപ് പറയുന്നു.
















Comments