തിരുവനന്തപുരം : എൻഐഎയുടെ നടപടിക്കെതിരെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്ത നേതാക്കൾ മുങ്ങി. സംസ്ഥാന സെക്രട്ടറി കെ റൗഫ് , സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ എന്നിവരാണ് മുങ്ങിയത്. എൻഐഎ കേസിൽ പ്രതിയാണ് രണ്ട് പേരും. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം .
കഴിഞ്ഞ ദിവസം എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടെയും പേരുകൾ ഉണ്ട്. മൂന്ന് , പന്ത്രണ്ട് എന്നിങ്ങനെയാണ് പ്രതി പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ എൻഐഎ ഊർജ്ജിതമാക്കി. ഇരുവരും എത്താൻ സാധ്യതയുള്ള ഇടങ്ങളിലും പരിശോധന നടത്തും.
സംസ്ഥാനത്ത് ഒട്ടാകെ ഹർത്താലിന്റെ പേരിൽ അഴിഞ്ഞാടുകയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഹർത്താലിനെതിരെ കോടതിയും രൂക്ഷ വിമർശനമാണ് നടത്തിയത്. 70 കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചു. ആംബുലൻസിന് നേരെയും കല്ലെറിഞ്ഞു . കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും രംഗത്തെത്തി. ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Comments