നവരാത്രി മാഹാത്മ്യം
അശ്വിന മാസത്തിലെ വെളുത്ത പക്ഷ പ്രഥമയ്ക്കാണ് നവരാത്രി ആരംഭിക്കുന്നത്. ആദിശക്തി ശ്രീ ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും, നവരാത്രിയിൽ അനുഷ്ഠിക്കുന്ന വിവിധ വ്രതങ്ങളുടെയും മഹത്വം നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം.
ദേവിയുടെ സവിശേഷതകൾ
സർവമംഗള മാംഗല്യേ ശിവേ സർവാർഥ സാധികേ
ശരണ്യേ ത്യ്രംബകേ ഗൗരീ നാരായണീ നമോസ്തുതേ
അർഥം : ’ദേവീ, അങ്ങ് എല്ലാ ശുഭകാര്യങ്ങളുടെയും മൂർത്തീരൂപമാണ്. ദേവി തന്നെയാണ് ശിവന്റെ താരക രൂപവും. എല്ലാവർക്കും ചൈതന്യം നൽകി അവർക്ക് പുരുഷാർത്ഥം (ധർമം, അർഥം, കാമം, മോക്ഷം) നേടിക്കൊടുക്കുന്നു. ത്രിനേത്രങ്ങളാൽ പ്രഭ ചൊരിയുന്നവളും അഭയദായിനിയുമായ നാരായണീ ദേവി, ഞാൻ അങ്ങയെ നമസ്കരിക്കുന്നു.’
ദേവിക്ക് ഏത് തരം പൂക്കൾ, എത്ര സംഖ്യകളിൽ, എന്തിന് അർപ്പിക്കണം ?
ദേവീദേവന്മാർക്ക് അർപ്പിക്കുന്ന പൂക്കളിലും ഇലകളിലും അതാത് ദേവതയുടെ തത്ത്വം ആകർഷിച്ചെടുക്കാനുള്ള കഴിവുണ്ട്. മുല്ലപ്പൂവിൽ ശ്രീ ദുർഗാദേവിയുടെയും താമരയിൽ ശ്രീക്ഷ്മി ദേവിയുടെയും തത്ത്വം കൂടുതലായി ആകർഷിക്കപ്പെടുന്നു. അതിനാൽ അവരുടെ പൂജയിൽ ഈ പൂക്കൾ തന്നെ അർപ്പിക്കുക. (ഇതേപോലെ ഓരോ ദേവതയുടെയും തത്ത്വം ആകർഷിച്ചെടുക്കുന്ന സുഗന്ധമുള്ള ചന്ദനത്തിരികൾ ആ ദേവതയുടെ പൂജയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.) ശ്രീ ദുർഗാദേവിയുടെ, അതായത് ആദിശക്തിയുടെ എല്ലാ രൂപങ്ങൾക്കും പൂക്കൾ അർപ്പിക്കുമ്പോൾ ഒൻപത് അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളിലായി അർപ്പിക്കുക.
കുങ്കുമാർച്ചനയ്ക്കു പിന്നിലുള്ള ശാസ്ത്രം
ദേവിയുടെ നാമം ജപിച്ചുകൊണ്ട് വലതു കൈയിലെ പെരുവിരലും മോതിരവിരലും കൊണ്ട് കുങ്കുമം കൈയ്യിലെടുത്ത് ദേവിക്ക് അർപ്പിക്കുക. ദേവിയുടെ ചരണങ്ങൾ മുതൽ ശിരസ്സ് വരെ അർപ്പിച്ചുകൊണ്ടു പോകുക. ദേവിയെ കുങ്കുമം കൊണ്ട് മൂടുക. ഇതിനെയാണ് കുങ്കുമാർച്ചന എന്നു പറയുന്നത്. കുങ്കുമം ശക്തി സ്വരൂപമാണ്, അതായത്, കുങ്കുമത്തിന് ദേവിയുടെ തത്ത്വം കൂടുതൽ അളവിൽ ഗ്രഹിക്കാനുള്ള കഴിവുണ്ട്. അതിനാൽ ദേവിക്ക് കുങ്കുമം അർപ്പിക്കുമ്പോൾ, ദേവിയുടെ വിഗ്രഹത്തിലെ ശക്തിതത്ത്വം കുങ്കുമത്തിലേക്ക് വരുന്നു. പിന്നീട് ആ കുങ്കുമം നമ്മൾ ഉപയോഗിക്കുമ്പോൾ അതിലെ ദേവിയുടെ ശക്തി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.
നവരാത്രി
ഹിന്ദു ധർമത്തിൽ ഭഗവതി ദേവിയുടെ വിശേഷ ആരാധന വർഷത്തിൽ രണ്ടു തവണ നടത്തുന്നു.
1. വാസന്തിക നവരാത്രി : ശകവർഷപ്രകാരം ചൈത്ര മാസ ശുക്ലപക്ഷ പ്രഥമ മുതൽ ചൈത്ര മാസ ശുക്ലപക്ഷ നവമി വരെ.
2. ശാരദീയ നവരാത്രി : ശകവർഷപ്രകാരം അശ്വിന മാസ ശുക്ലപക്ഷ പ്രഥമ മുതൽ അശ്വിന മാസ ശുക്ലപക്ഷ നവമി വരെ.
ശരത്കാല പൂജയെ അകാല പൂജയെന്നും വസന്തകാല പൂജയെ സകാല പൂജയെന്നും പറയുന്നു.
നവരാത്രിയുടെ ചരിത്രം
1. ദുർഗാദേവി പ്രതിപദ മുതൽ നവമി വരെയുള്ള ഒൻപത് ദിവസങ്ങൾ മഹിഷാസുരനുമായി യുദ്ധം ചെയ്ത് നവമിക്ക് രാത്രി അവനെ നിഗ്രഹിച്ചു. അന്നു മുതലാണ് ദേവിയെ മഹിഷാസുരമർദ്ദിനി എന്നു വിളിക്കുവാൻ തുടങ്ങിയത്.
2. രാവണനെ വധിക്കുന്നതിനു മുൻപ് നാരദ മഹർഷി ശ്രീരാമനോട് നവരാത്രി വ്രതം നോൽക്കുവാൻ പറഞ്ഞിരുന്നു. വ്രതസമാപ്തിക്കുശേഷമാണ് ശ്രീരാമൻ ലങ്ക ആക്രമിച്ച് രാവണനെ വധിച്ചത്.
നവരാത്രിക്കു പിന്നിലുള്ള അധ്യാത്മശാസ്ത്രം
രാത്രി എന്നാൽ ഉണ്ടാകുന്ന മാറ്റം എന്നാണ്. ദേവിയുടെ ഒരു പേര് കാലരാത്രി എന്നുമാണ്. കാലരാത്രി എന്നാൽ കാലപുരുഷനിൽ മാറ്റം വരിക. കറങ്ങുക എന്നത് ഭൂമിയുടെ ഗുണധർമമാണ്. ഭൂമി കറങ്ങുന്നതു കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത്. ഈ മാറ്റങ്ങൾ കാരണം ശരീരത്തിലുണ്ടാകുന്ന പരിണാമങ്ങളെ സഹിക്കാനുള്ള ശക്തി ശരീരത്തിന് ലഭിക്കുന്നതിനു വേണ്ടിയാണ് വ്രതങ്ങൾ അനുഷ്ഠിക്കുന്നത്.
തന്ത്രശാസ്ത്രപ്രകാരം സൂര്യാസ്തമയത്തിനു ശേഷമാണ് ദിവസം ആരംഭിക്കുന്നത്. താന്ത്രികന്മാർ ചന്ദ്രനെ കേന്ദ്രമാക്കിയാണ് വിധികൾ ചെയ്യുന്നത്. അവർ ചന്ദ്രനെ സ്ത്രീരൂപത്തിൽ കണ്ടുകൊണ്ട് ഉപാസന ചെയ്യുന്നു. അതുപോലെ തന്ത്രശാസ്ത്രത്തിൽ ഒറ്റ സംഖ്യയിലെ തിഥികൾക്ക് (പ്രഥമ, തൃതീയ, പഞ്ചമി എന്നിങ്ങനെ) പ്രാധാന്യം നൽകുന്നു.
നവരാത്രിയിൽ ദേവിയുടെ ഏത് രൂപങ്ങളുടെ ഉപാസനയാണ് ചെയ്യേണ്ടത് ?
ആദ്യത്തെ മൂന്നു ദിവസങ്ങളിൽ തമോഗുണം കുറയ്ക്കുന്നതിനായി മഹാകാളിയേയും, പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ സത്ത്വഗുണം വർധിപ്പിക്കുന്നതിനായി മഹാലക്ഷ്മിയേയും, അവസാനത്തെ മൂന്നു ദിവസങ്ങളിൽ സാധന ഉത്തമമായി ചെയ്യുവാനായി സരസ്വതി ദേവിയേയും പൂജിക്കുന്നു.
നവരാത്രിയുടെ മഹത്വം
നവരാത്രിയിൽ ദേവീതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ദേവീതത്ത്വത്തിന്റെ ഗുണം കൂടുതലായി ലഭിക്കുന്നതിനായി ഇപ്രകാരം ചെയ്യുക.
1. നവരാത്രിയിൽ ദുർഗാദേവിയുടെ ആരാധന വളരെ ഭാവത്തോടെ ചെയ്യുക. ശ്രീ ദുർഗാദേവ്യൈ നമഃ എന്ന നാമം കൂടുതലായി ജപിക്കുക. (എല്ലാ ദേവികളും ആദിശക്തി ശ്രീ ദുർഗാദേവിയുടെ രൂപങ്ങളാണ്. അതിനാലാണ് ശ്രീ ദുർഗാദേവ്യൈ നമഃ എന്ന നാമം ജപിക്കേണ്ടത്.)
2. നവരാത്രി ദിവസങ്ങളിൽ ഇടയ്ക്കിടെ ശ്രീ ദുർഗാ ദേവിയോട് ഇപ്രകാരം പ്രാർഥിക്കുക, ഹേ ശ്രീ ദുർഗാദേവി, നവരാത്രിയുടെ കാലഘട്ടത്തിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ദേവീതത്ത്വം ആയിരം മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ഈ തത്ത്വത്തിന്റെ ഗുണം ലഭിക്കുവാനും അവിടുത്തെ കൃപാകടാക്ഷം എനിക്കുമേൽ ഉണ്ടാകാനും എന്നെ അനുഗ്രഹിച്ചാലും.
നവരാത്രിയിൽ മഹിഷാസുരൻ എന്ന അസുരനെ ദേവി വധിച്ചു. ഇന്ന് മനുഷ്യന്റെ മനസ്സിൽ ഷഡ്വൈരികളുടെ രൂപത്തിൽ മഹിഷാസുരൻ വസിക്കുന്നു. ഈ മഹിഷാസുരൻ മനുഷ്യനിലുള്ള ദൈവീക ഗുണങ്ങളെ നശിപ്പിക്കുകയാണ്. അവന്റെ ആസുരിക പിടിവലിയിൽ നിന്നും മുക്തി നേടുവാനായി നവരാത്രി സമയത്ത് ആദിശക്തിയോട് ശരണാഗണത ഭാവത്തോടെ പ്രാർഥിക്കുക, ’അമ്മേ, ഞങ്ങളിലുള്ള ആസുരിക സ്വഭാവം നശിപ്പിച്ച് സാത്ത്വിക ഗുണങ്ങൾ നൽകിയാലും. ഞങ്ങളിൽ ഈശ്വര ചിന്തകൾ നിരന്തരം നിലനിർത്തണേ. ദേവിയുടെ കൃപാകടാക്ഷം ഞങ്ങൾക്കുമേൽ എപ്പോഴും ഉണ്ടാകണെ, എന്ന് ദേവിയുടെ തൃപ്പാദങ്ങളിൽ പ്രാർഥിക്കുന്നു.’
നവരാത്രി പൂജ
ശ്രീ ദുർഗാദേവിയും ആസുരിക ശക്തികളും (ബ്രഹ്മാണ്ഡത്തിലെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരംഗങ്ങളും) തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായി മൺകുടത്തിൽ കെടാവിളക്ക് ഇറക്കി വച്ച് അത് ഒന്പത് ദിവസങ്ങൾ പൂജിക്കുന്നു. ഇപ്രകാരമാണ് നവരാത്രി ആഘോഷിക്കേണ്ടത്. നവരാത്രിയിൽ വിളക്ക് അഖണ്ഡമായി കത്തിച്ചു വയ്ക്കുന്നു. വിളക്കിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന തേജസ്സിന്റെ തരംഗങ്ങളിലേക്ക് ദേവീതത്ത്വം ആകർഷിക്കപ്പെടുന്നതിനാൽ ഭക്തന്മാർക്ക് അതിന്റെ ഗുണം ഉണ്ടാകുന്നു, കൂടാതെ അന്തരീക്ഷത്തിലെ അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ട് കുറഞ്ഞ് സാത്ത്വികത കൂടുന്നു.
പ്രാർഥന
’ഹേ പരാശക്തി, അമ്മയെ പോലെ അങ്ങ് എന്നെ സംരക്ഷിച്ചാലും. അമ്മയുടെ കൃപാദൃഷ്ടി എന്നിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ. അങ്ങ് എന്നെ എല്ലായ്പ്പോഴും കാത്തു രക്ഷിക്കണേ.’
Comments