അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് പലപ്പോഴും ഇന്ത്യയിൽ സാമ്പത്തിക വളർച്ച തടസ്സപ്പെട്ടിരുന്നുവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. എന്നാൽ, ചൈനക്ക് പോരുന്ന എതിരാളിയായി ഉയർന്നു വരാൻ ഇന്ന് ഇന്ത്യക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് ഐഐഎമ്മിലെ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കു വെച്ചത്.
2008-2012 കാലഘട്ടത്തിൽ ലണ്ടനിൽ എച്ച് എസ് ബി സി ബോർഡിൽ ഉണ്ടായിരിക്കുന്ന കാലത്ത്, ചൈനീസ് സാമ്പത്തിക നയങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇന്ത്യൻ സാമ്പത്തിക നയങ്ങൾ വളരെ അപൂർവ്വമായേ പരാമർശിക്കപ്പെട്ടിരുന്നുള്ളൂവെന്നും നാരായണ മൂർത്തി ചൂണ്ടിക്കാട്ടി.
യുപിഎ ഭരണകാലത്ത് പലപ്പോഴും ഇന്ത്യയിൽ സാമ്പത്തിക വളർച്ച അകാരണമായി തടസ്സപ്പെടുകയും മിക്കപ്പോഴും ഇഴഞ്ഞ് നീങ്ങുകയും ചെയ്തു. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വലിയ കാലതാമസം നേരിട്ടിരുന്നു. അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് ചൈനക്ക് പോരുന്ന എതിരാളിയായി ഉയർന്നു വരാൻ ഇന്ന് ഇന്ത്യക്ക് ശേഷിയുണ്ട്. മറ്റ് രാജ്യങ്ങൾ ഇന്ത്യയെ അവഗണിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സഹായകമായെന്നും നാരായണ മൂർത്തി വ്യക്തമാക്കി.
Comments