ഒരു സാദാ കുറ്റവാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് മതതീവ്രവാദികളെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. എത്ര കഠിനമായ മർദ്ദന മുറകളേയും അതിജീവിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള മതതീവ്രവാദികൾക്കായി അതികഠിനമായ ചോദ്യം ചെയ്യൽ രീതികളാണ് സി ഐ എ, മൊസാദ് പോലെയുള്ള വിവിധ ഏജൻസികൾ സ്വീകരിക്കുന്നത്. പലപ്പോഴും രഹസ്യ കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച മുറികളിലായിരിക്കും ചോദ്യം ചെയ്യൽ. അത്തരം ചില ചോദ്യം ചെയ്യൽ രീതികൾ പരിചയപ്പെടാം.
ഡയപ്പർ ധരിപ്പിക്കൽ: പിടിയിലായ ഭീകരവാദിയെ ഡയപ്പർ മാത്രം ധരിപ്പിച്ച് ചോദ്യം ചെയ്യുന്നതാണ് ഒരു രീതി. ഡയപ്പർ മാത്രം ധരിപ്പിച്ച ഭീകരനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് തല്ലുന്നു. നിസ്സഹായാവസ്ഥയിൽ, അപമാനിതനാകുന്ന ഭീകരനിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ എളുപ്പമാണെന്ന് സി ഐ എ അനൗദ്യോഗിക രേഖകളിൽ വിശദീകരിക്കുന്നു. കട്ടിയുള്ള തുണി കൊണ്ട് പ്രത്യേകം തയ്യാറാക്കുന്ന ഡയപ്പറുകളാണ് ഭീകരരെ ധരിപ്പിക്കുന്നത്. ചൊറിച്ചിൽ ഉണ്ടാക്കുന്ന ഇവ മാറ്റാൻ നാല് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് അനുവദിക്കുക.
മർദ്ദനം: സർവസാധാരണമായി ചോദ്യം ചെയ്യലിന് ഉപയോഗിച്ച് വരുന്ന മൂന്നാം മുറ പ്രയോഗമാണ് ഇത്. ഉദര പേശികൾ, മുഖം എന്നിവിടങ്ങളിൽ മാരകമായി മർദ്ദിക്കുന്നു. ഒരു ദിവസം തന്നെ പലതവണ ഇത് ആവർത്തിക്കുന്നു. ഒരുവിധപ്പെട്ട ഭീകരർ എല്ലാം തന്നെ ഇതുവരെ ചെയ്തിട്ടുള്ളതും, ഇനി ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ളതമായ വിവരങ്ങൾ ഇതിനിടെ വെളിപ്പെടുത്തുന്നു.
കൈവിലങ്ങ് ധരിപ്പിച്ച് ഭിത്തിയിൽ കെട്ടി തൂക്കൽ: ഇത്തരം ചോദ്യം ചെയ്യലിൽ ഭീകരവാദികളെ രണ്ട് കൈയ്യും തലയ്‌ക്ക് പിന്നിലായി വിലങ്ങിൽ ബന്ധിച്ച് കലണ്ടർ പോലെ തൂക്കിയിടുന്നു. കാലുകൾ നിലത്ത് മുട്ടാത്ത തരത്തിലാണ് തൂക്കി നിർത്തുന്നത്. ഈ അവസ്ഥയിൽ നിൽക്കുന്ന ഭീകരനെ ഭിത്തിയോട് ചേർത്ത് മർദ്ദിക്കുന്നു. ചില അവസരങ്ങളിൽ ഇരുമ്പ് കോളർ ഉപയോഗിച്ച് കഴുത്ത് നേരെ നിർത്തുന്നു.
കെട്ടിത്തൂക്കൽ: അടിയന്തിരാവസ്ഥക്കാലത്ത് കേരള പോലീസ് പ്രയോഗിച്ച ഗരുഡൻ പറക്കലിന് സമാനമായ രീതിയാണ് ഇത്. ഏകദേശം മൂന്നോളം പേരെ ഒരേ സമയം ഒരേ രീതിയിൽ കെട്ടിത്തൂക്കുന്നു. കാല് നിലത്ത് മുട്ടാത്ത തരത്തിൽ ദിവസം മുഴുവൻ ഇതേ നിലയിൽ നിർത്തുന്നു. ഈ അവസ്ഥയിലും ഒരു മയവുമില്ലാതെ മർദ്ദനം തുടരുന്നു.
ഹൈപ്പോ തെർമിയ: തണുത്തുറഞ്ഞ മുറിയിൽ മരവിച്ച വെള്ളത്തിൽ ഭീകരനെ പലയാവർത്തി മുക്കിപൊക്കുന്നു. തലവഴി തണുത്തുറഞ്ഞ വെള്ളം ധാരധാരയായി ഒഴിച്ച ശേഷം പരിപൂർണ്ണ നഗ്നരാക്കി ആൾവലിപ്പമുള്ള പ്ലാസ്റ്റിക് സഞ്ചികളിൽ പൊതിയുന്നു. സഞ്ചിയോടെ തണുത്ത വെള്ളത്തിൽ വീണ്ടും മുക്കിയെടുക്കുന്നു. തുടർന്ന് മുഖം മാത്രം പുറത്തെടുത്ത്, തീവ്രമായ പ്രകാശം കണ്ണിലേക്ക് അടിക്കുന്നു. വീണ്ടും വെള്ളത്തിൽ മുക്കുന്നു.
വാട്ടർബോഡിംഗ്: മുഖം മുഴുവൻ കട്ടിയുള്ള തുണികൊണ്ട് മൂടിയ ശേഷം മുഖത്തേക്ക് വലിയ പാത്രങ്ങളിൽ വെള്ളം ഒഴിക്കുന്നു. വെള്ളത്തിൽ മുങ്ങിമരിക്കുന്ന ഒരു പ്രതീതിയാണ് ഇതിലൂടെ ഭീകരന് ഉണ്ടാകുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണ കേസ് പ്രതി ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ ഇപ്രകാരം ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. 183 തവണയാണ് ഇയാളെ ഇപ്രകാരം ചോദ്യം ചെയ്തത്. ഗ്വാണ്ടനാമോ തടവറയിൽ കൊടും ഭീകരൻ അബു സുബൈദയെ ഇപ്രകാരം ചോദ്യം ചെയ്തിരുന്നു. ഒടുവിൽ ഇയാളുടെ മൂക്കിലൂടെയും വായിലൂടെയും രക്തക്കുമിളകൾ വന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും തലകീഴായി ബെഞ്ചിൽ കിടത്തിയായിരുന്നു പ്രയോഗം.
മോക്ക് കൊലപാതകങ്ങൾ: ഭീകരരുടെ കൂട്ടാളികളെ തൊട്ടടുത്ത മുറികളിൽ വെടിവെച്ച് കൊല്ലുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം തോക്ക് നെറ്റിയിൽ മുട്ടിച്ച്, വെടിയൊച്ചകൾ നിരന്തരം കേൾപ്പിച്ച് ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ച ശേഷം ചോദ്യം ചോദിക്കുന്നു. പലപ്പോഴും തോക്കുകൾക്കൊപ്പം ഡ്രില്ലിംഗ് മെഷീനും ഇതിനായി ഉപയോഗിക്കുന്നു.
പെട്ടിയിൽ അടയ്‌ക്കൽ: ആൾ വലിപ്പമുള്ള പെട്ടിയിൽ ശ്വാസം വിടാൻ ഒരു ചെറിയ ദ്വാരം മാത്രം ഇട്ട ശേഷം ഭീകരനെ അടച്ച് പൂട്ടുന്നു. ശേഷം പെട്ടി പല കോണുകളിലായി കറക്കുന്നു. അൽഖ്വായ്ദ ഭീകരൻ അബു സുബൈദയെ തുടർച്ചയായി 29 മണിക്കൂറാണ് ഇപ്രകാരം കറക്കിയത്. ശവപ്പെട്ടിക്ക് സമാനമായ പെട്ടിയിലായിരുന്നു ഇയാളെ അടച്ചത്.
ഉറക്കം നിഷേധിക്കൽ: ഏഴര ദിവസത്തോളം ഭീകരരെ ഒരു പോള കണ്ണടയ്‌ക്കാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്നു. വലിയ ഒച്ചകൾ കേൾപ്പിച്ചും കടുത്ത പ്രകാശം കണ്ണിലേക്ക് അടിപ്പിച്ചുമാണ് ഇത് ചെയ്യുന്നത്. പരമാവധി 36 മണിക്കൂറിനുള്ളിൽ ഭീകരർക്ക് സുബോധം നഷ്ടമാകുന്നതായി ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിലും മർദ്ദനം തുടരുന്നു. ഈ കാലയളവിൽ ഭീകരർക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നൽകുന്നത്.
റെക്ടൽ ഹൈഡ്രേഷൻ: ഏറ്റവും ഭീകരമായ ചോദ്യം ചെയ്യൽ രീതിയാണ് ഇത്. പലപ്പോഴും ആഹാരം കഴിക്കാൻ മടിക്കുന്ന ഭീകരർക്കെതിരെയാണ് ഇത് പ്രയോഗിക്കുന്നത്. ഭീകരരുടെ മലദ്വാരം വഴി ഒരു ട്യൂബ് ഉള്ളിലേക്ക് കടത്തുന്നു. ഇതിലൂടെ അർദ്ധദ്രാവക രൂപത്തിലുള്ള ഭക്ഷണം ഉള്ളിലേക്ക് പമ്പ് ചെയ്യുന്നു. ഇത്തരം ചോദ്യം ചെയ്യൽ രീതിക്കിടെ മലാശയ പേശികൾ തകർന്ന് പലപ്പോഴും ഭീകരർ മൃതപ്രായരാകുന്നു. ഒസാമ ബിൻ ലാദനേക്കാൾ കൊടും ഭീകരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ കഴിഞ്ഞ പതിനൊന്ന് വർഷത്തോളമായി ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് സി ഐ എ ചോദ്യം ചെയ്തു വരികയാണ് എന്നാണ് വിവരം.
ഇവയിൽ പല ചോദ്യം ചെയ്യൽ രീതികളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എന്നാണ് പല അന്താരാഷ്‌ട്ര സംഘടനകളുടെയും വാദം. എന്നാൽ, ഭീകരവാദ പ്രവർത്തനങ്ങളുടെ ഇരകളായി കൊല്ലപ്പെടുകയും, ജീവച്ഛവങ്ങളായി തുടരുകയും ചെയ്യുന്നവരുടെ യാതനകൾക്ക് മുന്നിൽ ഇവയൊക്കെ നിസ്സാരമാണ് എന്നാണ് മറുവാദം.
Comments