ന്യൂയോർക്ക് : യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ അന്താരാഷ്‌ട്രത്തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന രാജ്യങ്ങളാണെന്നും രക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നൽകണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പങ്കാളിത്തം കൗൺസിലിനെ ജനാധിപത്യപരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധപ്രതിസന്ധികൾ വർദ്ധിക്കുന്നതായും സാഹചര്യം മോശപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾക്കു കൂടി സ്ഥിരാംഗത്വം നൽകുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ അറിയിച്ചിരുന്നു. കൂടുതൽ സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത പ്രതിനിധികളെയും ഉൾപ്പെടുത്തി രക്ഷാ സമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബൈഡൻ വ്യക്തമാക്കിയിരുന്നു.
നിരവധി ലോക നേതാക്കൾ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് കൂടുതൽ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ നയത്തെ ബ്രിട്ടൻ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments