കൊച്ചി; മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ മരട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തിയ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറ്റ് തിരക്കുകൾ ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.ചട്ടമ്പി സിനിമയുടെ അഭിമുഖത്തിനിടെയാണ് നടൻ അവതാരകയോട് മോശമായി പെരുമാറിയത്. പിന്നാലെ നടൻ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണ്.തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് നടൻ പറഞ്ഞിരുന്നു.
എന്നാൽ നടന്റെ ക്ഷമാപണം സ്വീകരിക്കുന്നില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. . എന്നാൽ ഇങ്ങനെ പറയുന്നിൽ കാര്യമില്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.
നേരത്തെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയിൽ ശ്രീനാഥ് പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
നേരത്തെ പണം വാങ്ങി പരിപാടിക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളിലും നടൻ നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.പരിപാടിയുടെ സമയത്ത് താൻ യുകെയിലായിരുന്നുവെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ഇക്കാര്യം ഭാരവാഹികളെ അറിയിച്ചിരുന്നെന്നും എന്നാൽ അവർ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും നടൻ കൂട്ടിച്ചേർത്തു. പറ്റുന്നതുപോലെ ചെയ്യും. അല്ലെങ്കിൽ താൻ വല്ല വാർക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
Comments