ന്യൂയോർക്ക്: പ്രതിരോധ രംഗത്ത് അമേരിക്കയുടെ പാക് അനുകൂല നയത്തിനെതിരെ ഇന്ത്യ. പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറണമെന്ന താക്കീതാണ് എസ്.ജയശങ്കർ നൽകിയത്. ജോ ബൈഡൻ ഒപ്പിട്ട കരാറിൽ നിന്നും അമേരിക്ക പിന്മാറണ മെന്നാണ് ഇന്ത്യയുടെ ആവശ്യം. പാകിസ്താനെ പോലൊരു ഭീകരരാജ്യവുമായി പ്രതിരോധ കരാർ പുതുക്കാൻ പാകത്തിന് എന്ത് മാറ്റമാണ് ഇസ്ലാമാബാദിലുണ്ടായിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കണമെന്നും ജയശങ്കർ പറഞ്ഞു.
പ്രതിരോധ കാര്യത്തിൽ പാകിസ്താനുമായി ഒരു തരത്തിലും മൃദുസമീപനം എടുക്കരുതെന്നും ഇന്ത്യ തുറന്നടിച്ചു. ആരേയും വിഡ്ഢിയാക്കാമെന്ന് വിചാരിക്കരുതെന്ന രൂക്ഷ പദപ്രയോഗമാണ് ജയശങ്കർ അമേരിക്കയോട് നടത്തിയത്. എഫ്-16 ലഭിക്കുന്ന പാകിസ്താൻ അത് എവിടെ ആർക്കെതിരെയാണ് സജ്ജമാക്കി നിർത്തുക എന്ന് അമേരിക്കയ്ക്ക് അറിയില്ലേ എന്നും ജയശങ്കർ ചോദിച്ചു.
ഇസ്ലാമിക ഭീകരതയെ പ്രതിരോധിക്കുമെന്ന് എപ്പോഴും ആവർത്തിക്കുന്ന അമേരിക്ക എന്തു നയത്തിന്റെ പേരിലാണ് പാക്സ്താന് ആയുധം നൽകുന്നതെന്നും ജയശങ്കർ ചോദിച്ചു. പാക് ഭീകരതയെ എല്ലാ ദിവസവും നേരിടുന്ന ഇന്ത്യയ്ക്ക് വൻതിരിച്ചടിയാണ് അമേരിക്കയുടെ പ്രതിരോധനയമെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയ്ക്ക് ശക്തമായ ഭീഷണിയാണ് എന്നും പാകിസ്താൻ ഉയർത്തുന്നത്. പാകിസ്താന് അത്യാധുനിക എഫ്-16 വിമാനങ്ങൾ എന്നത് യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണ്. വിമാനങ്ങൾ നൽകുകയല്ല മറിച്ച് അറ്റകുറ്റപണികളുടെ കരാർ പുതുക്കുകയാണെന്ന അമേരിക്കയുടെ വാദം വിശ്വാസയോഗ്യമല്ല. തുടർച്ചയായ മുന്നറിയിപ്പുകളെ ലംഘിക്കുന്ന നീക്കമാണ് അമേരിക്ക നടത്തുന്നതെന്നും ജയശങ്കർ ആവർത്തിച്ചു.
ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തിന് എത്തിയ ജയശങ്കർ അമേരിക്കയിൽ വെച്ചു തന്നെയാണ് പെന്റഗണിന്റെ നയത്തിനെതിരെ തുറന്നടിച്ചത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കിയാണ് അമേരിക്ക നീങ്ങുന്നത്. പക്ഷെ പാകിസ്താനോട് ആയുധ ഇടപാടിൽ എന്തു നയം സ്വീകരിച്ചാലും അത് ഇന്ത്യയ്ക്ക് അപകടമാണെന്ന കാര്യം ജയശങ്കർ ആവർത്തിച്ചു.
Comments