ന്യൂഡൽഹി: സിഖ് വനിതയെ പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവം പാകിസ്താൻ സർക്കാരിനോട് ഉന്നയിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി വിഷയം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പെൺകുട്ടികളുടെയും സ്ത്രീകളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും നടപടികൾ സ്വീകരിക്കണമെന്നും എൻസിഎം മേധാവി ഇക്ബാൽ സിംഗ് ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് ലഭിച്ച റിപ്പോർട്ട് പാകിസ്താൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ജയ്ശങ്കർ അറിയിച്ചു. പാകിസ്താൻ സർക്കാർ ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസാതാനിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന വർഗ്ഗീയ പീഡനങ്ങളിലും ക്രൂരതകളിലും സർക്കാർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിൽ നിന്നുള്ള അധ്യാപികയായ സിഖ് യുവതിയെ ഓഗസ്റ്റ് 20-ന് തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചതായാണ് റിപ്പോർട്ട്.
Comments