കൊച്ചി : മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടന. നടനെ സിനിമയിൽ നിന്ന് താത്ക്കാലികമായി മാറ്റി നിർത്താനാണ് തീരുമാനം. കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്ന് സിനിമാ നിർമ്മാതാക്കൾ അറിയിച്ചു.
മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ കേസിൽ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ വിശദീകരണം നൽകുകയും ക്ഷമ ചോദിക്കുകയും ചെയ്തതിന് പിന്നാലെയാണ് മാതൃകാപരമെന്ന നിലയിൽ നടപടിയെടുത്തത്.
ശ്രീനാഥ് ഭാസി പണം കൂടുതൽ വാങ്ങി എന്ന പരാതിയും നേരത്തെ ഉണ്ടായിരുന്നു. ആ പണം തിരികെ നൽകാമെന്ന് നടൻ സമ്മതിച്ചു. എല്ലാ കാര്യങ്ങളിലും പോസിറ്റീവായ നിലപാടാണ് നടന് ഉണ്ടായിരുന്നത്. അതുപോലെ തന്നെ അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് മാതൃകാപരമായ നടപടിയെടുക്കുന്നത്. തെറ്റ് പറ്റിയതിന് കാരണം വ്യക്തിപരമാണെന്നും അത് വ്യക്തിപരമായതിനാൽ പുറത്ത് പറയാൻ സാധിക്കില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. .
ഒരു കലാകാരന് നന്നാകാനുള്ള അവസരമാണ് നൽകുന്നത്. ഈ സമയത്തിനുളളിൽ നടൻ നന്നാകും എന്ന വിശ്വാസമുണ്ടെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
Comments