ന്യൂഡൽഹി : മതഭീകര സംഘടനയായി പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പിന്തുണയുമായി മുസ്ലീം സംഘടനകൾ രംഗത്ത്. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് അഞ്ച് വർഷത്തേക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുക തീവ്രവാദ റിക്രൂട്ട്‌മെന്റ് നടത്തുക ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ സംഘടനയെ നിരോധിച്ചതിന് പിന്നാലെ ഈ തീരുമാനത്തിന് പിന്തുണയുമായി നിരവധി മുസ്ലീം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വീകരിക്കുന്നതായി ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ ചെയർമാൻ സയ്യിദ് നസീറുദ്ദീൻ അറിയിച്ചു. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമം പാലിക്കുന്നതിനും വേണ്ടിയാണ് നടപടി സ്വീകരിച്ചത് എന്നും എല്ലാവരും കേന്ദ്രത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മളും സുരക്ഷിതരാണ്. ഏതൊരു സംഘടനയെക്കാളും ആശയത്തേക്കാളും വലുതാണ് രാജ്യം. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനോ ഐക്യത്തെ ഇല്ലാതാക്കാനോ ആരെങ്കിലും ആഹ്വാനം ചെയ്താൽ അവരെ ഈ രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുത് എന്നും നസറുദ്ദീൻ പറഞ്ഞു. ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാജ്യവിരുദ്ധർക്കെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് വളരെ ന്യായമായ കാര്യമാണെന്ന് മുസ്ലീം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ ഇസ്ലാമിന്റെ അർത്ഥം മനസിലാക്കി പ്രവർത്തിക്കേണ്ട സമയം അടുത്തിരിക്കുകയാണെന്ന് സംഘടന അറിയിച്ചു.
ബരേൽവി മുസ്ലീങ്ങൾ മോദി സർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മൗലാന ഷഹബുദ്ദീൻ റിസ്വിയും പറഞ്ഞു. സുഫി ഇസ്ലാമിക് ബോർഡിന്റെ ദേശീയ വക്താവ് കാശിഷ് വാർസിയും കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ചു. മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറും ഈ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു.
ഇതോടെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ രാജ്യത്തെ ഭൂരിഭാഗം മുസ്ലീം സംഘടനകളും പിന്തുണച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
















Comments