ചെന്നൈ : സേവന നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എആർ റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ വേണ്ടി കെട്ടച്ചമച്ചതല്ല ഈ കേസ് എന്നും ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.
6.79 കോടി രൂപയാണ് സേവനനികുതി ഇനത്തിൽ റഹ്മാൻ അടയ്‌ക്കാനുള്ളത്. ഈ തുക അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് റഹ്മാന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അദ്ദേഹം ഹർജി നൽകുകയുമുണ്ടായി. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജിഎസ്ടി കമ്മീഷണർ ഇക്കാര്യം വിശദീകരിച്ചത്.
സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലവുമായി ബന്ധപ്പെട്ട് കരാർ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിപ്പ് നടത്തിയത്. നികുതി ഒഴിവാക്കാനായി പല സേവനങ്ങളും വേർതിരിച്ച് കാണിച്ചാണ് റഹ്മാൻ പ്രതിഫലം കൈപ്പറ്റിയത്. ഇത് നിയമപരമായി ശരിയല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മൂന്ന് വർഷം മുൻപാണ് എആർ റഹ്മാനെതിരെ ജിഎസ്ടി വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരേ റഹ്മാൻ ഹർജി സമർപ്പിക്കുകയും തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിനെതിരായുള്ള നടപടി സ്റ്റേ ചെയ്യുകയുമുണ്ടായി. തുടർന്നാണ് ജിഎസ്ടി കമ്മീഷണറുടെ നീക്കം.
Comments