സുഖമായി ഉറങ്ങാൻ ഇഷ്ടമല്ലാത്തവരായി ആരുമില്ല അല്ലേ? വെറുതെ സമയം കളയുന്ന കാര്യമല്ല ഉറക്കം.ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹന പ്രക്രിയ നന്നായി നടക്കാനും ഉറക്കം കൂടിയേ തീരു. രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങാത്തവരുടെ ആയുർദൈർഘ്യം കുറയാൻ സാധ്യതയുണ്ടെന്നാണു ഗവേഷകർ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂർ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്ക് നിർദേശിക്കാനുള്ളത്.
എന്നാൽ നമ്മളുറങ്ങുന്ന രീതി ശരിയാണോ അല്ലയോ എന്ന് എത്ര പേർക്കറിയാം? ഉറങ്ങുന്ന പൊസിഷൻ ശരിയല്ലെങ്കിൽ അത് കഴുത്തുവേദന മുതൽ നടുവേദനയ്‌ക്ക് വരെ കാരണമാകും.
എതാണ് ഉറങ്ങാൻ പറ്റിയ ഏറ്റവും നല്ല രീതി എന്നല്ലേ? അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്നത് പോലെ ചുരുണ്ടുകിടക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഫീറ്റൽ പൊസിഷൻ എന്നാണ് ഇതിന്റെ പേര്. കൂർക്കം വലിയും നടുവേദനയും കുറയ്‌ക്കാൻ ഈ രീതി സഹായിക്കും. ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നതും നല്ലതാണ്.രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കിൽ ഇടതുവശത്തേക്ക് ചെരിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്. ഇത് ദഹനപ്രക്രിയയെ സുഗമമാക്കും.
എന്നാൽ കമിഴ്ന്ന് കിടന്നുറങ്ങുന്നതാവട്ടേ അനാരോഗ്യകരമെന്നാണ് പറയുന്നത്. ഇത് പേശികളിലും സന്ധികളിലും സമ്മർദ്ദമുണ്ടാക്കും. ഇത് രാവിലെ ഉറക്കമുണരുമ്പോഴും ശരീരത്തെ ക്ഷീണിതരാക്കും. തലയിണയ്‌ക്ക് അടിയിൽ രണ്ട് കൈകളും ചുരുട്ടി വെച്ച് ഉറങ്ങുന്ന സോൾജിയർ പൊസിഷനും നല്ലതല്ല.
Comments