ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും ഉപയോഗപ്പെടുത്തി ഇന്ത്യയിൽ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ എന്ന വാദമാണ് എം.എ ബേബിയുടേത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയേയോ അതിൽ പ്രവർത്തിക്കുന്ന അക്രമാരികളെയോ ഇല്ലാതാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണ്. വർഗീയരാഷ്‌ട്രീയ ലക്ഷ്യം സാധിക്കാനുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് എംഎ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ പിഎഫ്ഐ ഏർപ്പെടുമ്പോൾ നിലവിലുള്ള നിയമങ്ങൾ പ്രകാരം ഭരണപരമായ നടപടിയണ് ഉണ്ടാകേണ്ടത്. അവരുടെ പ്രത്യയശാസ്ത്രം തുറന്നുകാട്ടി രാഷ്‌ട്രീയമായി പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.
ആർഎസ്എസ് നടത്തുന്ന അപകടകരമായ രാഷ്‌ട്രീയ നീക്കത്തെ കാണാതിരിക്കുന്നത് രാഷ്‌ട്രീയ അന്ധതയാണ്. പിഎഫ്ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് എം.എ ബേബിയുടെ വാദം. പിഎഫ്ഐയെ കാണിച്ച് ഇന്ത്യയിലെ ഫാസിസത്തിന് ആളെ കൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
















Comments