ന്യൂഡൽഹി : ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വെറും വട്ടപൂജ്യമാണെന്ന് മുതിർന്ന നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ദിഗ് വിജയ് സിംഗിന്റെ പരാമർശം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും ശേഷവും രാജ്യം ഭരിച്ച കുടുംബത്തെ എല്ലാവരും പിന്തുണച്ചിട്ടുണ്ടെന്നാണ് ദിഗ്‌വിജയ് സിംഗിന്റെ വാദം.
കോൺഗ്രസിൽ പലതവണ ഭിന്നതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 99 ശതമാനം കോൺഗ്രസുകാരും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാജ്യത്തെ സേവിച്ച കുടുംബത്തെ പിന്തുണച്ചിട്ടുണ്ട്. അടുത്തത് കോൺഗ്രിന്റെ മുഖം ആരായിരിക്കും എന്ന ചോദ്യത്തിനാണ് നേതാവ് ശക്തമായ മറുപടി നൽകിയത്. ”ഗാന്ധി” കുടുംബം ഇല്ലെങ്കിൽ കോൺഗ്രസിന് അതിന്റെ ഐഡന്റിറ്റി തന്നെ നഷ്ടമാകും എന്നാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്‌തേനെ എന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് താൻ മാറിനിൽക്കുകയാണെന്ന് ഗെഹ്ലോട്ട് അറിയിച്ചതിന് പിന്നാലെയാണ് ദിഗ് വിജയ് സിംഗിന്റെ പരാമർശം.
അതേസമയം സോണിയ ഗാന്ധിയും സച്ചിൻ പൈലറ്റുമായിട്ടുള്ള നിർണായക കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
Comments