ബംഗളൂരു: കർണാടകയിൽ വിദ്യാർത്ഥികളോട് മുഹമ്മദ് നബിയെക്കുറിച്ച് ലേഖനം എഴുതിച്ച പ്രധാനാദ്ധ്യാപകൻ. സംഭവത്തിൽ നഗാവി സർക്കാർ ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ അബ്ദുൾ മുനാഫ് ബിജപൂരിനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു വിദ്യാർത്ഥികളോട് അബ്ദുൾ മുനാഫ് ലേഖനം എഴുതാൻ ആവശ്യപ്പെട്ടത്.
എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് മുഹമ്മദ് നബിയെക്കുറിച്ചുള്ള ലേഖനം എഴുതിച്ചത്. മികച്ച ലേഖനത്തിന് പണം സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ലേഖനം എഴുതിച്ചത്. എന്നാൽ ഇക്കാര്യം മറ്റ് അദ്ധ്യാപകർ അറിഞ്ഞിരുന്നില്ല. അദ്ധ്യാപകന്റെ നിർദ്ദേശ പ്രകാരം ക്ലാസിൽ ഉണ്ടായിരുന്ന 43 വിദ്യാർത്ഥികളും ലേഖനം എഴുതി. എന്നാൽ ഈ വിവരം വിദ്യാർത്ഥികളിൽ ചിലർ വീട്ടിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എത്തിയ രാമ സേന പ്രവർത്തകർ സ്‌കൂളിൽ എത്തി സംഭവം ചോദ്യം ചെയ്തു. അപ്പോഴാണ് മറ്റ് അദ്ധ്യാപകർ ഇക്കാര്യം അറിയുന്നത്. കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതിന്റെ ഭാഗമായാണ് ലേഖനം എഴുതാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ അദ്ധ്യാപകൻ തെറ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ആയിരുന്നു സസ്‌പെൻഡ് ചെയ്തത്.
















Comments