ന്യൂഡൽഹി: ജോലിസമയത്ത് സെക്യൂരിറ്റി ജീവനക്കാരോട് ചായയും പലഹാരങ്ങളും മേടിച്ചു കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിനെതിരെ കർശന നടപടിയെടുത്ത് എയിംസ്. ഡ്യൂട്ടി സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചായയും പലഹാരങ്ങളും കൊണ്ടു കൊടുക്കേണ്ടതില്ലെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകി. പുതിയ എയിംസ് ഡയറക്ടർ എം.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുരക്ഷാ ജീവനക്കാർ അവരുടെ ചുമതല മാത്രം ചെയ്താൽ മതിയെന്നും, ആശുപത്രിയിലുള്ളവർക്ക് ഭക്ഷണം വാങ്ങിച്ചു നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും നഴ്‌സുമാരും ഭക്ഷണവും ചായയും വാങ്ങിച്ചു കൊണ്ടു വരാൻ സുരക്ഷാ ജീവനക്കാരോട് പറയാറുണ്ട്. ഇതിനെതിരെയാണ് പുതിയ ഉത്തരവ്.
അതേപോലെ ജോലിസമയത്ത് സുരക്ഷാ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്നതിനെതിരെയും ഉത്തരവിൽ പരാമർശമുണ്ട്. ജോലി സമയത്ത് ജോലി ചെയ്യണമെന്നും, ഈ സമയം ഭക്ഷണം കഴിക്കാൻ പോകുന്നവരെ ജോലിയിൽ നിന്ന് ഒഴിവാക്കുമെന്നുമാണ് പറയുന്നത്. ആശുപത്രിയിലെ ഡോക്ടർക്കും നഴ്‌സുമാർക്കും സുരക്ഷാ ജീവനക്കാരൻ പുറത്ത് നിന്ന് ചായ കൊണ്ടു കൊടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഡയറക്ടർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
‘സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിക്കൊണ്ടുള്ള ഇത്തരം നടപടികൾ അംഗീകരിക്കില്ല. ആശുപത്രിയെ കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. രോഗികളുടെ സുരക്ഷയ്ക്കും സഹായത്തിനുമാണ് സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ചുമതല അല്ലാതെ മറ്റൊരു ചുമതലയും അവരെ ഏൽപ്പിക്കാൻ പാടുള്ളതല്ല. ഏതെങ്കിലും സുരക്ഷാ ജീവനക്കാരൻ അയാളുടെ ഡ്യൂട്ടി സമയത്ത് ചായയോ കാപ്പിയോ ഭക്ഷണ സാധനങ്ങളോ കൊണ്ടു വരുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും’ ഉത്തരവിൽ പറയുന്നു.
















Comments