കോഴിക്കോട്: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞ് സമസ്ത മുഖപത്രം സുപ്രഭാതം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അതിൽ തീവ്രത കലർത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടുകാരെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങളോട് കരുതലുള്ള ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവസമുദായത്തിന്റെ പിന്തുണയോടെ മാത്രമേ രാജ്യത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ കഴിയൂ.ഭൂരിപക്ഷസമുദായത്തെ അവിശ്വസിച്ചും അവരെ ശത്രുക്കളായി കണ്ടും പ്രഖ്യാപിക്കുന്നത് ശരിയല്ല. അവരെ മുന്നിൽ നിർത്തി പൊതുസമൂഹത്തിൽ ഭീതി വിതച്ചുമുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ഭീതി വിതച്ചുമുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് അത് കൂടുതൽ പ്രയാസങ്ങളുണ്ടാക്കുക കൂടി ചെയ്യുമെന്നതാണ് ഇക്കാലമത്രയുമുള്ള അനുഭവമെന്ന് സുപ്രഭാതം വ്യക്തമാക്കുന്നു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരമുണ്ടെന്ന് സമസ്ത മുഖപ്രസംഗം തുറന്ന് സമ്മതിക്കുന്നു.
തീവ്രവാദ ആശയങ്ങൾകൊണ്ട് ആ മതത്തിലെ തന്നെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കാണ് കൂടുതൽ പരിക്കേൽക്കുക എന്ന് സുപ്രഭാതം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ടിന്റെയും അതിന്റെ മുൻ രൂപമായ എൻഡിഎഫിന്റെയും ആശയങ്ങളെയും പ്രവർത്തന ശൈലിയെയും തുടക്കം മുതൽ കേരളത്തിലെ മുസ്ലീം സംഘടനകൾ എതിർത്തിരുന്നുവെന്ന് സമസ്ത മുഖപ്രസംഗം അവകാശപ്പെട്ടു.സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അന്നത്തെ നേതാക്കളും സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫുമായിരുന്നു എൻ.ഡി.എഫിനെതിരേ ആദ്യമായി നിലപാടുയർത്തിതെന്നാണ് സുപ്രഭാതത്തിന്റെ വാദം.
അപകടകരമായ ആശയങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത് തടയുകയും ഒപ്പം യുവാക്കളെ തീവ്ര കൂട്ടായ്മകളിലേക്ക് ആകർഷിക്കുംവിധമുള്ള സാഹചര്യങ്ങൾ തടയുകയും ചെയ്യാനാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്ന് സുപ്രഭാതം ആവശ്യപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്ലീം ലീഗിനകത്ത് തന്നെ ഭിന്നാഭിപ്രായമുയരുമ്പോഴാണ് സമത്സ പോപ്പുലർ ഫ്രണ്ടിനെ പൂർണ്ണമായും തള്ളി നിരോധനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. പിഎഫ്‌ഐയെ നിരോധിച്ചതിൽ സംശയമുണ്ടെന്നും നിരോധിച്ചത് ശരിയല്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരമാർശം. ആദ്യം പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ചെങ്കിലും നിരോധനത്തിന് പിന്നാലെ എംകെ മുനീർ സംഘടനയെ തള്ളിപ്പറഞ്ഞിരുന്നു.
















Comments