ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി ഗായിക നഞ്ചിയമ്മ. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന്, കരഘോഷത്തോടെയാണ് നഞ്ചിയമ്മയെ ആദരിച്ചത്.
വനവാസി വിഭാഗത്തിൽ നിന്നുമുള്ള രാഷ്‌ട്രപതി, വനവാസി വിഭാഗത്തിന്റെ ഗോത്രതാളത്തിന്റെ പ്രയോക്താവിന് കലാലോകത്തെ സാക്ഷിയാക്കി രാജ്യത്തിന്റെ അംഗീകാരം നൽകുക എന്ന ചരിത്ര മുഹൂർത്തത്തിനാണ് പുരസ്കാര വിതരണ വേദി സാക്ഷിയായത്. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂറും എൽ മുരുഗനും വേദിയിൽ സന്നിഹിതരായിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ വേദിയിലെത്തി പുരസ്കാരം സ്വീകരിച്ചത്.
ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടൻ ഈണത്തിലുള്ള ഗാനങ്ങൾ തന്മയത്വത്തോടെ ആലപിച്ചതാണ് നഞ്ചിയമ്മയെ പുരസ്കാരത്തിന് അർഹയാക്കിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ എസ് ഐ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരവും സ്വീകരിച്ചു. പുരസ്കാര വിതരണം പുരോഗമിക്കുകയാണ്.
Comments