കൊച്ചി : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഭിന്നത. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ മുനീർ പിന്തുണച്ചപ്പോൾ, കേന്ദ്ര സർക്കാർ നടപടി ശരിയായില്ല എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. പിഎഫ്‌ഐയെ നിരോധിച്ചതിന് പിന്നാലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച് രംഗത്തെത്തിയത് മുനീർ ആയിരുന്നു. എന്നാൽ മുനീർ പിന്നീട് നിലപാട് മാറ്റിയെന്ന് പിഎംഎ സലാം അറിയിക്കുകയായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് മുനീറിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സംബന്ധിച്ച് സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നാണ് എംകെ മുനീർ പറഞ്ഞത്. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ല. ഒറ്റ ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും മുനീർ പറഞ്ഞു. പിഎഫ്‌ഐ നിരോധനത്തെ സ്വാഗതം ചെയ്ത എംകെ മുനീർ സംഘടനയെ ആശയപരമായി നേരിടുകയും വേരോടുകൂടി പിഴുതെറിയുകയും ചെയ്യണമെന്നായിരുന്നു പ്രതികരിച്ചത്.
എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സംശയാസ്പദമാണെന്നാണ് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. പിഎഫ്‌ഐ നിരോധനത്തെക്കുറിച്ച് ലീഗ് നേതാക്കൾക്ക് ഭിന്നാഭിപ്രായം ഇല്ലെന്നും നിരോധനം വന്ന ശേഷം പ്രതികരിച്ച നേതാക്കൾ, കാര്യങ്ങൾ വിലയിരുത്തിയ ശേഷം നിലപാട് വ്യക്തമാക്കി എന്നുമായിരുന്നു സലാമിന്റെ ന്യായീകരണം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ശരിയായില്ലെന്നും നിരോധനം കൊണ്ട് മാത്രം ഒരു സംഘടനയുടെ ആശയത്തെ തകർക്കാനാകില്ലെന്നും സലാം വ്യക്തമാക്കിയിരുന്നു.
















Comments