കണ്ണൂർ : മതഭീകര നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വേണ്ടി പ്രവർത്തിച്ചവരെ ഒരിക്കലും കൈവിടരുത് എന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അവർ പെട്ടുപോയതാണ് എന്നും, യുവാക്കളുമായി സംസാരിച്ച് അവരെ മുസ്ലീം ലീഗിലേക്ക് കൊണ്ടുവരണമെന്നും കെഎം ഷാജി ആവശ്യപ്പെട്ടു. കണ്ണൂരിൽ വെച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെഎം ഷാജി.
”പോപ്പുലർ ഫ്രണ്ടുകാരായ കുട്ടികളോട് സംസാരിക്കണം. എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തരുത്. പാവങ്ങള് പെട്ടുപോയതാണ്, ആവേശം കൊണ്ടാണ് അതെല്ലാം ചെയ്തത്. പക്ഷേ ഇപ്പോൾ അവർ ഒരു ബുദ്ധിമുട്ടല്ല. ആ നിരപരാധികളായ പ്രവർത്തകരോട് എല്ലാവരും സംസാരിക്കണം. അവരെ നേരിന്റെ വഴിയിലേക്ക് കൊണ്ടുവരണം. ഓരോരുത്തരെയും നേരിട്ട് കണ്ട് പ്രയാസം എന്താണെന്ന് ചോദിക്കണം. തെറ്റുകൾ തിരുത്താൻ നിർദ്ദേശിക്കണം” എന്നും കെഎം ഷാജി ഉപദേശിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കെ എം ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ നിരോധിച്ചത് ജനാധിപത്യത്തിന് ആശ്വാസകരമായ നടപടിയല്ലെന്നാണ് ഷാജി പറഞ്ഞത്. ഫാസിസ്റ്റ് ഭരണകൂടമാണ് നിരോധനവുമായി മുൻപോട്ടുവന്നത്. നിരോധനമെന്നത് ഗാന്ധിജിയുടെ നാട്ടിൽ ഒരു പരിഹാരമല്ല. സംഘടനാസംവിധാനത്തെ നിരോധിച്ചതു കൊണ്ടു കാര്യമില്ലെന്നും അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്നുമാണ് ലീഗ് നേതാവ് പറഞ്ഞത്.
Comments