കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഏറെ പ്രധാന്യമുള്ള സ്ഥലമാണ് വയനാട്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ സ്ഥിരം കേന്ദ്രം. സൂചിപ്പാറ, ഇടക്കൽ കേവ് , കാരാപ്പുഴതുടങ്ങി വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഇവയ്‌ക്കെല്ലാം പുറമെ കാഴ്ചക്കാരനും കേൾവിക്കാരനും ഒരു പോലെ കൗതുകം ഉണർത്തുന്ന ഒന്നു കൂടെയുണ്ട്. ചരിത്രത്താളുകളിൽ വരെ ഇടം നേടിയ കരിന്തണ്ടനും. കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചു എന്ന് വിശ്വസിക്കുന്ന ചങ്ങലമരവും.
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണക്കാരനായ വനവാസി. താമരശ്ശേരി ചുരം നിർമ്മാണത്തിന്റെ പുറകിലെ കേന്ദ്രബുദ്ധി. കോഴിക്കോട്ടു നിന്നും തങ്ങളുടെ സേനയെ മൈസൂരുവിൽ എത്തിക്കാൻ ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. റോഡിനു വേണ്ടി സർവ്വേ നടത്താൻ അവരുടെ എന്ജിനീയർമാർക്ക് മല തടസ്സമായി നിന്നു. ഇതിനിടയിലാണ് കരിന്തണ്ടൻ മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ബ്രിട്ടീഷുകാർ കരിന്തണ്ടന്റെ സഹായം തേടി . ശേഷം വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി .
ബ്രീട്ടിഷുകാരുടെ പ്രഗൽഭരായ എഞ്ചിനീയർമാർ പരാജയപ്പെട്ട ഇടത്ത് സാധാരണക്കാരനായ ഒരാൾ ജയിച്ചത് അവരെ ഒന്നടങ്കം നാണക്കേടിലേക്ക് കൊണ്ട് എത്തിച്ചു.കരിന്തണ്ടനാണ് വഴി കാണിച്ച് നൽകിയതെന്ന് നാളെ പുറം ലോകം അറിയാതിരിക്കാൻ അവർ കരിന്തണ്ടനെ വകവരുത്താൻ തീരുമാനിച്ചു. എന്നാൽ നേർക്ക് നേരെ കരിന്തണ്ടനോട് ഏറ്റുമുട്ടാൻ ധൈര്യമുള്ളവർ ആരും അക്കൂട്ടത്തിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരിന്തണ്ടനെ ചതിയിൽ വക വരുത്താൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു.
പിന്നാലെ കരിന്തണ്ടനെ പിന്തുടർന്ന കള്ളന്മാർ ചോലയിൽ കുളിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ ആചാര വള മോഷ്ടിച്ചു. വള ഇല്ലാതെ സമുദായത്തിന്റെ മുന്നിൽ പോകാൻ സാധിക്കാത്തതിനാൽ അദ്ദേഹം രാത്രിയിൽ കാട്ടിൽ തന്നെ താമസമാക്കി. ഈ സമയം ഇരുട്ടിന്റെ മറവിൽ ബ്രിട്ടീഷുകാർ കരിന്തണ്ടന്റെ ജീവൻ കവർന്നു. എങ്കിലും ചുരം എങ്ങനെ ഉണ്ടായി എന്നതിന്റെ കഥ അധികം നാൾ മറച്ചുവയ്‌ക്കാൻ ബ്രിട്ടീഷുകാർക്ക് ആയില്ല. നാട്ടുകാരായ തെഴിലാളിയിൽ നിന്നും എല്ലാരും സത്യങ്ങൾ അറിഞ്ഞു. എങ്കിലും അടിമത്തം ഉൾപ്പെടെ നിലനിന്ന ആ കാലത്ത് തങ്ങളിൽ ഒരുത്തൻ നേരിട്ട അനീതിക്കെതിരെ ശബ്ദിക്കാൻ കൂട്ടത്തിലെ ആർക്കും കഴിഞ്ഞില്ല.
ഇന്ന് വയനാട് ലക്കിടിൽ ഒരു മരം ഉണ്ട്. ചങ്ങലകൾ കൊണ്ട് ബന്ധിപ്പിച്ച് വിളക്ക് കൊളുത്തുന്ന ഒരു ചങ്ങലമരം. ഇതിന് പിന്നിലും ഉണ്ട് ഒരു ഐതീഹ്യം. വർഷങ്ങൾ കടന്ന് പോയി. പിന്നാലെ ചുരത്തിൽ അപകടങ്ങൾ പതിവായി. ഇതോടെ ദേശത്താകെ ഒരു കഥ പരന്നു.അപകടങ്ങൾക്ക് കാരണം കരിന്തണ്ടന്റെ ആത്മാവാണെന്ന്. പിന്നാലെ കോപിച്ച കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചെന്ന പേരിൽ ലക്കിടിയിലെ ഒരു മരത്തിൽ ബന്ധിച്ചു. ഈ മരം മാത്രമാണിപ്പോൾ ഭൂമിയിൽ കരിന്തണ്ടനുള്ള സ്മാരകം . താമരശ്ശേരി ചുരം കടന്ന് ലക്കിടി ഗേറ്റ് കഴിഞ്ഞാൽ ഇടത് വശത്ത് നിഗൂഢതകൾ ഒളിപ്പിച്ച് നിൽക്കുന്ന ഈ മരം ഇന്നും സഞ്ചാരികൾക്ക് ഒരു കൗതുകമാണ്. എന്നാൽ നാട്ടുകാർക്ക് ഇത് തങ്ങളുടെ നാടിന്റെ ആത്മാവും.
















Comments